
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എ ഐ ഇന്ന് ലോകത്തിന്റെ വിവിധ മേഖലകളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. അനുദിന ജീവിതവുമായി ബന്ധപ്പെട്ട് സമസ്ത മേഖലകളിലും ഇപ്പോള്‍ എഐ എന്ന ആശയം ദിവസത്തില്‍ ഒരു തവണയെങ്കിലും പറയാത്തവര്‍ ഇന്ന് കുറവായിരിക്കും. പല ജോലി മേഖലകളിലും എഐ ബോട്ടുകള്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. എന്നാല്‍ സമാനമായി ഏറെ കൗതുകമുണനര്ത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. എന്താണന്നല്ലേ? ഒരു സ്കൂളിന്റെ പ്രിന്‍സിപ്പിളായി ഒരു എ ഐ ബോട്ടിനെ നിയമിച്ചിരിക്കുകയാണ്.
യുകെയിലെ വെസ്റ്റ് സസെക്സിലെ ബോര്‍ഡിംഗ് പ്രെപ്പ് സ്കൂളായ കോട്ടെസ്മോര് സ്കൂളാണ് ഇത്തരത്തില്‍ ഒരു എഐ ബോട്ടിനെ തങ്ങളുടെ സ്കൂളിലെ പ്രധാന അധ്യാപകനായി നിയമിച്ചിരിക്കുന്നത്. സ്കൂളിലെ പ്രധാന അധ്യാപകനായ ടോം റോജേഴ്സനെ സഹായിക്കുന്നതിന് വേണ്ടി മാത്രം രൂപ കല്പന ചെയ്തിട്ടുള്ളതാണ് 'അബിഗെയ്ല്‍ ബെയ്ലി' (Abigail Bailey) എന്ന ഈ എഐ ബോട്ട്.
സഹ സ്റ്റാഫ് അംഗങ്ങളെ പിന്തുണയ്ക്കുന്നത് മുതല്‍ പഠനവൈകല്യമുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുക, സ്കൂള്‍ നയങ്ങള്‍ എഴുതുക തുടങ്ങിയ വിഷയങ്ങളില്‍ എഐ ഹെഡ് മാഷ് ഉപദേശം നല്‍കുമെന്ന് റോജേഴ്സണ്‍ പ്രതീക്ഷിക്കുന്നത് എന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അബിഗെയ്ല്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്, വിദ്യാര്‍ത്ഥികള്‍ക്ക് മെഷീന് ലേണിംഗില്‍ ധാരാളം അറിവ് നേടുന്നതിനാണ് അക ബോട്ട് പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഇതുവഴി വലിയ അളവിലുള്ള ഡാറ്റ വേഗത്തില്‍ വിശകലനം ചെയ്യാന്‍ കഴിയുമെന്നും ടോം റോജേഴ്സണ്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്റര്‍നെറ്റില്‍ കൊടുങ്കാറ്റായി മാറിയ ഓണ്‍ലൈന്‍ AI സേവനമായ ChatGPT-യുമായി ഇതിന് സാമ്യമുള്ളതായി പറയപ്പെടുന്നു. ഇനി മുതല്‍ സ്കൂളില്‍ പ്രധാന അധ്യാപകന്റെ അഭാവത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുക 'അബിഗെയ്ല്‍ ബെയ്ലി'ആയിരിക്കും. അതേസമയം, റോബോട്ടുകളും സാങ്കേതികവിദ്യയും തന്റെ അധ്യാപകരെ മാറ്റിസ്ഥാപിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്യുന്നു.






