
സീരിയല്‍ സംവിധായകന് ആദിത്യന്റെ മരണം ഏറെ ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. 47 വയസ്സായിരുന്നു. സൂപ്പര്‍ഹിറ്റ് സീരിയലുകളായ സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നിവയുടെ സംവിധായകനാണ് അദ്ദേഹം.പ്രേക്ഷകരുടെ മനസ്സില്‍ വലിയ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞ പരമ്പരകള്‍ ആണ് ആദിത്യനില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. ആദിത്യന്റെ വേര്‍പാടിന്റെ വേദനയിലാണ് സാന്ത്വനം കുടുംബം.
അദ്ദേഹത്തിന്റെ വേര്‍പ്പാടിനെ കുറിച്ചുള്ള വേദന പങ്കുവെച്ചിരിക്കുകയാണ് നടി ഗോപിക അനില്‍. സാന്ത്വനം സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗോപികയാണ്.
''ഗോപിക അനിലെന്ന വ്യക്തിയെ അഞ്ജലി എന്ന രീതിയില്‍ ഇത്രയും ജനകീയമാക്കി മാറ്റിയത്, കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള ഒരാളാക്കി മാറ്റിയത് സാന്ത്വനം എന്ന സീരിയലാണ്. അതിന്റെ കഥയാണ്, അതിലെ കഥാപാത്രമാണ്. അത് അവതരിപ്പിച്ച രീതിയാണ്. അതിന്റെ ഫുള്‍ ക്രെഡിറ്റ് ആദിത്യന് സാറിനാണ്.
അദ്ദേഹം പലപ്പോഴും സെറ്റില്‍ ഈ സാന്ത്വനമെന്ന സീരിയല്‍ ക്രിയേറ്റ് ചെയ്യുന്നത് കണ്ടിട്ട് അത്ഭുതത്തോടെ ഇരുന്നിട്ടുണ്ട്. മൂന്ന് വര്‍ഷത്തോളം ആയിരം എപ്പിസോഡുകളോളം റേറ്റിംഗ് ഒട്ടും പുറകോട്ട് പോകാതെ ഇത് ക്രീയേറ്റീവായി കൊണ്ടുപോവുക എളുപ്പമുളള കാര്യമല്ല. സെറ്റില്‍ ഇരിക്കുമ്പോള്‍ എത്ര വിഷമഘട്ടം ആണെങ്കിലും പ്രശ്നമുള്ള സമയം ആണെങ്കിലും സാറിന്റെ ആക്ഷന്‍ കേള്‍ക്കുമ്പോള്‍ കിട്ടുന്ന എനര്‍ജി വേറെ എവിടെയും കിട്ടാറില്ല.
അവസാനമായിട്ട് ആ സെറ്റില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ എല്ലാവിധ ആശംസകളും എന്ന് പറഞ്ഞ് സാര്‍ കൈ തന്നിട്ടാണ് ഞാന്‍ അവിടെ നിന്ന് പിരിയുന്നത്. പക്ഷേ ഇനി അവിടെ തിരിച്ചുപോകുമ്പോള്‍ സാറില്ല എന്നത് ഉള്‍ക്കൊള്ളാന്‍ പോലും പറ്റുന്നില്ല. ഇപ്പോഴും ആ ഫാക്ട് മനസ്സ് അംഗീകരിക്കുന്നില്ല. അടുത്ത ഷെഡ്യൂളില്‍ കാണാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്. അങ്ങനെയൊരു കൂടിക്കാഴ്ച ഇനിയുണ്ടാവില്ല എന്ന് ഓര്‍ക്കുമ്പോള്‍ ആകെ ഒരു മരവിപ്പ് അനുഭവപ്പെടുന്നു.. വേദനയോടെ, പ്രാര്‍ത്ഥനയോടെ..'', ഗോപിക കുറിച്ചു.






