
ദുബായ്: ചന്ദ്രനില്‍ പോയാലും അവിടെയൊരു മലയാളിയുണ്ടാകുമെന്നാണ് കേരളീയരെ സംബന്ധിച്ചിടത്തോളമുള്ള ചൊല്ല. ഇതാ ചന്ദ്രനിലല്ല കിര്‍ഗിസ്ഥാനിലും പ്രമുഖമായി കേള്‍ക്കുന്ന പേരുകളില്‍ ഒന്ന് മലയാളിയുടേതാണ്. കിര്‍ഗിസ്ഥാന്‍ പ്രതിരോധ വിഭാഗത്തിലെ ഉന്നത പദവികളില്‍ ഒന്ന് വഹിക്കുന്നത് മലയാളിയാണെന്ന് റിപ്പോര്‍ട്ട്.
സൗദിയിലെ പ്രമുഖ വ്യവസായിയും മലയാളിയുമായ ഷെയ്ഖ് റഫീക് മൊഹമ്മദിനെ മദ്ധ്യേഷ്യന്‍ രാജ്യം സൈന്യത്തിന്റെ മേജര്‍ ജനറലായി നിയോഗിച്ചെന്നാണ് വാര്‍ത്ത. ശനിയാഴ്ച നടന്ന ഔദ്യോഗിക ചടങ്ങിലാണ് ചുമതല നല്‍കിയതെന്ന് പ്രമുഖ പത്രമായ ഖലീജ് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതാദ്യമായിട്ടാണ് ഒര വിദേശരാജ്യത്തിന്റെ സൈന്യത്തിന്റെ തലപ്പത്തേക്ക് ഒരു മലയാളി നിയോഗിതനാകുന്നതെന്നും റഫീകിന്റെ മാധ്യമ ഉപദേഷ്ടാവ് ഒമര്‍ അബു ബക്കറിനെ ഉദ്ധരിച്ച് പത്രം വ്യക്തമാക്കുന്നു.
നിലവില്‍ കിര്‍ഗിസ്ഥാന്‍ പൗരത്വം നേടിയിട്ടുള്ള റഫീക് നേരത്തേ മുന്‍ പ്രസിഡന്റ് കുര്മാണ്ബെക്ക് സാലിയേവിക്ക് ബകിയേവിന്റെ ഉപദേഷ്ടാവായി നിയോഗിക്കപ്പെട്ടിട്ടുള്ളയാളാണ്. കേരളത്തില്‍ പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള റഫീക് പിന്നീട് മദ്ധ്യേഷ്യയിലേക്ക് ചേക്കേറുകയും അവിടെ യുവാവായിരിക്കുമ്പോള്‍ തന്നെ ബിസിനസില്‍ മികവ് തെളിയിച്ച് വന്‍ വ്യവസായിയായി മാറുകയും ചെയ്തിരുന്നു. യുഎഇ, ഇറാന്, സൗദി അറേബ്യ, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുള്ളയാളാണെന്നും മാധ്യമ ഉപദേഷ്ടാവ് പറയുന്നു.






