കൊച്ചി നഗരത്തില്‍ സിറ്റി പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടിടത്തു നിന്നായി 91.82 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. തയ്യല്‍ക്കടയുടെ മറവില്‍ ലഹരി കച്ചവടം നടത്തിയിരുന്ന തമ്മനം സന്തോഷ് ലെയ്ന്‍ നാരോത്ത് റോഡ് ഈച്ചരങ്കാട് വീട്ടില്‍ ഇ.എസ്. സോബിനെ (40) യാണ് സിറ്റി ഡാന്‍സാഫ് ടീമും പാലാരിവട്ടം പോലീസും ചേര്‍ന്ന് ആദ്യം പിടികൂടിയത്.
പാലാരിവട്ടം പള്ളിനട ഗ്രേസ് മാതാ സ്റ്റിച്ചിങ് സെന്ററില്‍ ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ 13.23 ഗ്രാം എം ഡി എം എ കണ്ടെടുത്തു.സോബിനെ പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെ ഇയാള്‍ക്ക് ലഹരി മരുന്ന് നല്കുന്ന ടില്ലു തോമസിന്റെ വീട്ടില്‍ നോര്‍ത്ത് പോലീസ് പരിശോധന നടത്തി. ഇയാളില്‍ നിന്നും 78.59 ഗ്രാം എം ഡി എം എ കണ്ടെത്തി. ഇയാളെ കുറിച്ച് പോലീസ് അന്വേഷിച്ചുവരുകയാണ്.
നോര്‍ത്ത് എസ്.ഐ. ടി.എസ്. രതീഷ്, സീനിയര്‍ സി.പി.ഒ. ജയ, സി.പി.ഒ. മാരായ ഉണ്ണികൃഷ്ണന്, ഉമേഷ് എന്നിവരടങ്ങുന്ന സംഘമാണ് എം.ഡി.എം.എ. പിടികൂടിയത്. സിറ്റി പോലീസ് കമ്മിഷണര്‍ എ. അക്ബറിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എസ്. ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.






