
ഡൽഹിയിലെ ചെങ്കോട്ടയിൽ ദസറ ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ലവ- കുശ രാംലീലയിൽ രാവണദഹനം നടത്താൻ തയ്യാറെടുത്ത് ബോളിവുഡ് താരം കങ്കണ റണാവത്ത്. ചൊവാഴ്ചയാണ് ആഘോഷങ്ങൾ നടക്കുന്നത്. കഴിഞ്ഞ വർഷം നടൻ പ്രഭാസാണ് രാവണ ദഹനം നടത്തിയത്. രാവണദഹനം നടത്താൻ പോവുന്ന ആദ്യ വനിത കൂടിയാണ് കങ്കണ.
“എല്ലാ വർഷവും ചെങ്കോട്ടയിൽ നടന്നുവരുന്ന ലവ് കുശ് രാംലീലയുടെ കഴിഞ്ഞ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത രാവണരൂപം ദഹിപ്പിക്കാൻ പോകുന്നു, ജയ് ശ്രീറാം” എന്നാണ് കങ്കണ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
സ്ത്രീകൾക്കും ചടങ്ങിൽ തുല്യപ്രാധാന്യം ഉറപ്പാക്കേണ്ടതുണ്ട്, വനിതാ സംവരണ ബില്ലിന് പിന്തുണയർപ്പിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് ഡൽഹി ലവ് കുശ് രാംലീലാ കമ്മിറ്റി പ്രസിഡന്റ് അർജുൻ സിംഗ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
വനിതാ സംവരണ ബിൽ രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസനത്തിന് സഹായിക്കും. സ്ത്രീകൾക്കും ദുഷ്ടശക്തികളെ അവസാനിപ്പിക്കാനാവും. അവർക്കും അതിനുള്ള അവകാശമുണ്ട്. അതുകൊണ്ടാണ് രാവണ ദഹനത്തിന് ഇത്തവണ കങ്കണയെ തിരഞ്ഞെടുത്തത് എന്ന് അർജുൻ സിംഗ് കൂട്ടിച്ചേർത്തു.






