
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള ജനപ്രിയനായകനാണ് ദിലീപ്. ദിലീപിനെ സ്നേഹിക്കുന്ന അത്ര തന്നെ ദിലീപിന്റെ മകള്‍ മീനാക്ഷിയെയും പ്രേക്ഷകര്‍ സ്നേഹിക്കുന്നുണ്ട്. വെള്ളിത്തിരയില്‍ ഇതുവരെ മുഖം കാണിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മീനാക്ഷി പങ്കിടാറുണ്ട്. ഇടയ്ക്ക് താരപുത്രി പങ്കിടുന്ന നൃത്തവീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം നവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാൻ കാവ്യ മാധവനും മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും ഒപ്പമെത്തിയ ദിലീപിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായതാണ്. ഇപ്പോഴിതാ അതേ സാരിയിലുള്ള തന്റെ സെല്‍ഫി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് മീനാക്ഷി. ഓഫ് വൈറ്റ് ഹെവി വര്‍ക്ക് സാരിയും ലോംഗ് സ്ലീവ് ബ്ലൗസുമാണ് മീനാക്ഷി ധരിച്ചിരിക്കുന്നത്. ഹെവി ഇയര്‍റിംഗ്സും ബണ്‍ സ്റ്റൈലില്‍ തലമുടിയും അതില്‍ മുല്ലപ്പൂവും ചെറിയൊരു പൊട്ടും അണിഞ്ഞ് ചുണ്ടിലൊരു നല്ല ചിരിയുമായിട്ടുള്ള സെല്‍ഫി ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്.
കല്യാണ്‍ ജ്വല്ലേഴ്സ് സംഘടിപ്പിച്ച നവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാൻ ദിലീപും കുടുംബവും എത്തിയിരുന്നു. കസവ് മുണ്ടും ഗോള്‍ഡണ്‍ നിറത്തിലുള്ള കുര്‍ത്തയുമായിരുന്നു ദിലീപിന്റെ വേഷം. മസ്റ്റഡ് യെല്ലോ സാരിയില്‍ കാവ്യയും സാരിയില്‍ മീനാക്ഷിയും തിളങ്ങി. മീനാക്ഷിയുടെയും ദിലീപിന്റെയും വസ്ത്രങ്ങളോട് മാച്ച് ചെയ്യുന്ന ഉടുപ്പായിരുന്നു മഹാലക്ഷ്മി അണിഞ്ഞത്. മഹാലക്ഷ്മിയെന്ന മാമ്മാട്ടിയുടെ കൈപ്പിടിച്ചാണ് മീനാക്ഷി നടന്നത്. ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും തന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ വിപണനവുമായി സജീവമാണ് കാവ്യ. 2016 നവംബര്‍ 25നായിരുന്നു ദിലീപുമായുള്ള കാവ്യയുടെ വിവാഹം. 2019 ദിലീപിനും കാവ്യയ്ക്കുമൊരു പെണ്‍കുഞ്ഞ് പിറന്നു, വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേരിട്ടത്. ചെന്നൈയിലാണ് മഹാലക്ഷ്മിയും മീനാക്ഷിയും പഠിക്കുന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. മകള്‍ മഹാലക്ഷ്മിയ്ക്കും മീനാക്ഷിയ്ക്കുമൊപ്പം ചെന്നൈയിലാണ് കാവ്യ ഇപ്പോള്‍ താമസം.






