
സംസ്ഥാനത്തെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് തൊഴില്‍ വകുപ്പു മന്ത്രി വി. ശിവൻകുട്ടി. മാസ്കോട്ട് ഹോട്ടൽ കോൺഫറൻസ് ഹാളിൽ കേരളീയത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത മാധ്യമങ്ങളിലെ ബ്യൂറോ ചീഫുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയം നടക്കുന്ന വേളയിൽ മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവും ഒരുക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. റെഡ്സോണായി കേരളീയത്തിന്റെ വേദികൾ പ്രഖ്യാപിച്ച് ഈ മേഖലയിൽ കെ എസ് ആർ ടി സിയുടെ ഇലക്ട്രിക് ബസുകൾ വഴി സന്ദർശകർക്ക് സൗജന്യയാത്ര ഒരുക്കും. റെഡ്സോണിലേക്ക് പാർക്കിംഗ് സ്ഥലങ്ങളിൽനിന്ന് കെ എസ് ആർ ടി സി ആവശ്യത്തിന് വാഹനസൗകര്യം ഒരുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
മാധ്യമങ്ങൾ വിനോദ സഞ്ചാരികളെക്കൂടി ആകർഷിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ കേരളീയത്തിന് നൽകണമെന്ന് ഭക്ഷ്യ - സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കേരളീയം കൺവീനർ എസ്. ഹരികിഷോർ കേരളീയത്തിന്റെ ലക്ഷ്യവും പരിപാടികളും സംബന്ധിച്ച അവതരണം നടത്തി. കേരളീയം പ്രോഗ്രാം കമ്മിറ്റി ചെയർമാനായ ഐ ബി. സതീഷ് എം എൽ എ, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ഐപിആർഡി ഡയറക്ടർ ടി വി സുഭാഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.






