
കടുങ്ങല്ലൂര്‍: വാളയാര്‍ ഇരട്ട പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് പാമ്പന്‍പള്ളം അട്ടപ്പള്ളം കല്ലന്‍കാട് വീട്ടില്‍ മധു(29)വിനെയാണ് എടയാര്‍ വ്യവസായമേഖലയില്‍ പ്രവര്‍ത്തനം നിലച്ച ബിനാനി സിങ്ക് കമ്പനി വളപ്പിലെ പൂട്ടിക്കിടക്കുന്ന ആരോഗ്യ കേന്ദ്രത്തിനുള്ളില്‍ ഇന്നലെ രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
2017 ജനുവരിയില്‍ വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു സഹോദരിമാര്‍ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് പോലീസെടുത്ത രണ്ടു പീഡന കേസിലും മധു പ്രതിയായിരുന്നു. പോക്സോ കോടതി വെറുതെ വിട്ടെങ്കിലും ഇപ്പോള്‍ സി.ബി.ഐ. അന്വേഷണം നടന്നുവരികയാണ്. മധുവിന്റെ അടുത്ത ബന്ധുക്കളായിരുന്നു തൂങ്ങി മരിച്ച രണ്ടു പേരും. വ്യവസായ മേഖലയില്‍ പ്രവര്‍ത്തനം നിര്‍ത്തിയ ബിനാനി സിങ്ക് കമ്പനിയില്‍നിന്നു സിങ്ക് കലര്‍ന്ന മണ്ണ് ചെെന്നെ കേന്ദ്രമായ കമ്പനിക്ക് െകെമാറുന്നുണ്ട്. ആ കമ്പനിയിലെ പരിശോധകനായ മധു ഒന്നരവര്‍ഷം മുമ്പാണ് ഇവിടെ എത്തിയത്.
കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബിനാനിപുരം പോലീസ് ഇന്‍സ്പെക്ടര്‍ വി.ആര്. സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കമ്പനിക്കകത്തുണ്ടായിരുന്ന പഴയ സാമഗ്രികള്‍ പൊളിച്ചെടുക്കുന്ന കരാര്‍ കമ്പനി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ചെമ്പു കമ്പികള്‍ മോഷണം പോയതുമായി ബന്ധപെട്ട് ഇപ്പോഴത്തെ ഉടമകള്‍ മധുവിനെ ദിവസങ്ങളായി കമ്പനിക്കകത്തു പൂട്ടിയിട്ട് ചോദ്യംചെയ്തു വരികയായിരുന്നു.
ഇവരുടെ നിരന്തരമായ ചോദ്യംചെയ്യലിനെത്തുടര്ന്നുണ്ടായ മനോവിഷമമാകാം തൂങ്ങി മരണത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുശേഷം വേണ്ടി വന്നാല്‍ കരാര്‍ കമ്പനിയുമായി ബന്ധപെട്ടവരെ പ്രതി ചേര്‍ക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്നു പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുെകാടുക്കും.






