
ലീവ് എടുത്തതിനെ തുടർന്ന് ഒരു ഐറിഷ് യുവാവിനെ ജോലിയിൽ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.
അയർലൻഡിൽ നിന്നുള്ള യുവാവ് 69 ദിവസം ലീവ് എടുത്തതിനെ തുടർന്നാണ് കമ്പനി ഇയാളെ പുറത്താക്കിയത്. മിഹാലിസ് ബ്യൂനെങ്കോ എന്ന ജീവനക്കാരനെയാണ് ലിഡൽ എന്ന കമ്പനി 2021 -ൽ പുറത്താക്കിയത്. മോശം ഹാജർനില ചൂണ്ടിക്കാട്ടിയായിരുന്നു കമ്പനിയുടെ ഈ നടപടി. 11 വർഷത്തോളം പുറത്താക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഈ കമ്പനിയിൽ ജോലി ചെയ്തിരുന്നു.
എന്നാൽ, മിഹാലിസ് ബ്യൂനെങ്കോ കമ്പനിക്കെതിരെ കേസു കൊടുത്തു. വിഷയം കോടതിയിലെത്തി, കമ്പനിയെ പ്രതിനിധീകരിച്ച അഭിഭാഷകൻ മിഹാലിസ് 69 ലീവുകൾ എടുത്തിരുന്നതായും ഇതുകൂടാതെ പത്ത് തവണ അദ്ദേഹം നേരത്തെ പോവുകയും 13 തവണ മാനേജ്മെന്റിന്റെ അനുമതിയില്ലാതെ നീണ്ട ഇടവേള എടുക്കുകയും ചെയ്തുവെന്ന് കോടതിയിൽ വെളിപ്പെടുത്തി. കോടതിയില്‍ കമ്പനിയെ പ്രതിനിധീകരിച്ച് എത്തിയ റീജിയണൽ ലോജിസ്റ്റിക്സ് മാനേജർ പ്രവൃത്തിദിവസത്തിന്റെ 20 ശതമാനവും മിഹാലിസ് നഷ്ടപ്പെടുത്തിയതായും അയാളുടെ അഭാവം നികത്താൻ, മറ്റ് ജീവനക്കാർക്ക് അധികമായി ജോലി ചെയ്യേണ്ടിവന്നതായും ചൂണ്ടികാണിച്ചു. കൂടാതെ ഈ വിഷയത്തിൽ ഒന്നിലധികം തവണ മിഹാലിസുമായി സംസാരിച്ചെങ്കിലും ഇയാൾ തന്റെ സ്വഭാവത്തിൽ മാറ്റം വരുത്തിയില്ലെന്നും ലോജിസ്റ്റിക്സ് മാനേജർ കൂട്ടിച്ചേർത്തു.
എന്നാൽ, താൻ ലീവ് എടുത്തത് അസുഖബാധിതനായിരുന്നതിനാൽ ആയിരുന്നെന്ന് മിഹാലിസ് കോടതിയെ ബോധിപ്പിച്ചു. 69 ദിവസത്തെ അവധിക്ക് അതിനാല്‍ തനിക്ക് അവകാശമുണ്ടെന്നും അയാൾ കോടതിയെ ബോധിപ്പിച്ചു. ഒടുവിൽ കോടതി മിഹാലിസിന് അനുകൂലമായി വിധിക്കുകയും ലിഡൽ കമ്പനിയോട് മിഹാലിസിന് നഷ്ടപരിഹാരമായി 14 ലക്ഷം രൂപ നൽകാനും ഉത്തരവിടുകയായിരുന്നു.






