
കോണ്‍ഗ്രസ് വിട്ടു വന്ന കെ.പി.സി.സി. മുന്‍ സെക്രട്ടറി പി.എസ്. പ്രശാന്തിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിക്കാന്‍ സി.പി.എം. നീക്കം. കഴിഞ്ഞയാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയെന്നാണു വിവരം. ഇപ്പോഴത്തെ പ്രസിഡന്റ് കെ. അനന്തഗോപന്റെ കാലാവധി അടുത്ത 14ന് അവസാനിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനുള്ളിലുള്ള അതൃപ്തി പരമാവധി മുതലെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു തന്ത്രം സി.പി.എം. സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് വിട്ടുവരുന്നവര്‍ക്ക് വലിയ പരിഗണന നല്‍കുമെന്ന സന്ദേശം കോണ്‍ഗ്രസ് അണികള്‍ക്ക് നല്‍കാനാണു സൂചനയാണ് സി.പി.എം. ശ്രമിക്കുന്നത്.
മണ്ഡലം പ്രസിഡന്റുമാരുടെ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയുണ്ട്. സാധാരണ പാര്‍ട്ടിയുടെ വിശ്വസ്തരേയോ പ്രമുഖ നേതാക്കളേയോ ആണ് സി.പി.എം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുക.
നിലവിലെ പ്രസിഡന്റ് കെ. അനന്തഗോപന്‍ സി.പി.എം. പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. ആ സ്ഥാനത്താണു രണ്ടു വര്‍ഷം മുമ്പു മാത്രം പാര്‍ട്ടിയുമായി സഹകരിച്ചു തുടങ്ങിയ പി.എസ്. പ്രശാന്തിനെ പരിഗണിക്കുന്നത്. അതിനാല്‍തന്നെ, രാഷ്ട്രീയ ലക്ഷ്യം മുന്നില്‍വച്ചുള്ള നീക്കമാണിതെന്നു കോണ്‍ഗ്രസും വിലയിരുത്തുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പി.എസ്. പ്രശാന്ത്. തെരഞ്ഞെടുപ്പ് പരാജയത്തെതുടര്‍ന്ന് അദ്ദേഹം നേതൃത്വത്തിനെതിരേ പരാതികള്‍ ഉന്നയിച്ചിരുന്നു. തോല്‍വിക്ക് പിന്നില്‍ പാലോട് രവിയാണെന്ന് ആരോപണം ഉന്നയിച്ച പ്രശാന്ത്, പാലോട് രവിയെ തിരുവനന്തപുരം ഡി.ഡി.സി. പ്രസിഡന്റാക്കുന്നതിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഇതേത്തുടര്‍ന്നു കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയ പ്രശാന്ത് പിന്നീട് സി.പി.എമ്മുമായി സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം കെ.എസ്.കെ.ടിയുവില്‍ പ്രവര്‍ത്തിക്കാനാണു പാര്‍ട്ടി പ്രശാന്തിനോടു നിര്‍ദേശിച്ചത്. അതിനുശേഷമാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം നല്‍കുന്നത്. നേരത്തെ കോണ്‍ഗ്രസ് വിട്ടുവന്ന കെ.പി. അനില്‍കുമാറിനും സി.പി.എം. മുന്തിയ പരിഗണന നല്‍കിയിരുന്നു.






