
ഈ വര്‍ഷം ഓണംകളിപാട്ടില് ഏറ്റവും ജനപ്രീതിനേടിയ പാട്ടാണ് 'അഴകൊഴുകും ശബരീ' എന്ന് തുടങ്ങുന്ന പാട്ട്. കാട്ടൂര്‍ നടന കലാവേദി ഓണംകളി സംഘത്തിലെ ശ്രീകാന്ത് പെരിഞ്ഞനം പാടി ഹിറ്റാക്കിയ അഴകൊഴുകും ശബരീ എന്ന പാട്ടാണ് ഓണംകളി പ്രേമികളുടെ ഹരമായിമാറിയിരിക്കുന്നത്. വിവിധ ഓണംകളി സംഘങ്ങള്‍ വേദികളില്‍ മത്സരപ്പാട്ടായും ഇഷ്ടപാട്ടായും അഴകൊഴുകും ശബരീ പാടി കൈയടിവാങ്ങുന്നു.
അഴകൊഴുകും ശബരീ.. പിറന്നതിനെക്കുറിച്ച് പറയുകയാണ് കാവ്യാത്മകമായി വരികള്‍ എഴുതിയ സോനുവിജയയും പ്രഥമഈണമിട്ട ശോഭു ആലത്തൂരും പാടി ഹിറ്റാക്കിയ ശ്രീകാന്ത് പെരിഞ്ഞനവും.
കുംഭകര്‍ണന്റെ പാട്ട് എഴുതാനാണ് ശോഭു സോനുവിനെ വിളിച്ചതത്രേ. അതെഴുതി തീര്‍ന്നപ്പോള്‍ മറ്റൊരു പല്ലവിയുടെ ട്യൂണ്‍ ഏല്‍പ്പിച്ച് ശബരീ എന്ന് അവസാനിക്കമെന്നും പറഞ്ഞു, ശബരിയുടെ പല്ലവി എഴുതികൊടുത്തു, പിന്നീട് അനുപല്ലവിയും എഴുതുകയായിരുന്നുവെന്ന് സോനു പറയുന്നു.
വിവിധ ഓണംകളി സംഘത്തിനുവേണ്ടി 12 ഓളം പാട്ടുകള്‍ സോനു വിജയ എഴുതിയിട്ടുണ്ട്. അഴകൊഴുകും ശബരിക്കു പുറമേ നടനക്കുവേണ്ടിതന്നെ ഒന്നിനി കാണാന്‍, സരയൂ, നിസരി കലാഭവന്‍ വേണ്ടി നാടുണരുമ്പോ നാടന്‍ പെണ്ണിന് കല്ല്യാണം, ട്യൂണ്സിനുവേണ്ടി അന്തിമാനത്തില്‍ അമ്പിളിയോ, മൈഥിലിക്കുവേണ്ടി കവിളോരം കുങ്കുമമോ, രാമ രാവണയുദ്ധം, തരംഗത്തിനുവേണ്ടി രാവിന് ചില്ലയില്‍, ദൂരെ തേരുയര്ന്നു ഇങ്ങനെ 12 ഓളം ഓണംകളിപാട്ടുകള് എഴുതിയ സോനു യുവധാരയില്‍ എഴുതിയ ഒരു പാട്ടും പാടുന്നുണ്ട്. ഓണംകളി പാട്ടുകള്‍ക്കുപുറമേ ആല്‍ബം പാട്ടുകളും ശാസ്താംപാട്ടുകളും എഴുതി പാട്ടെഴുത്ത് രംഗത്ത് സോനു സജീവമാണ്.
സോനു എഴുതിയ അഴകൊഴുകും ശബരീ സംഗീതസംവിധായകനും ഗായകനുമായ ശോഭു ഈണമിട്ട് പാടി മ്യൂസിക് വീഡിയോയായി റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടയില്‍ ഓണംകളിയുടെ റിഹേഴ്സലിന്റെ സമയത്ത് നടന കലാവേദിയിലെ വിനോജ് പൊഞ്ഞനം ശോഭുവിനോട് ഒരു പാട്ട് ആവിശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഈ പാട്ട് നടന കലാവേദിയിലൂടെ ശ്രീകാന്തിന്റെ ശബ്ദത്തിലൂടെ ജനങ്ങളിലേക്ക് എത്തുന്നതെന്ന് ശോഭു പറയുന്നു. നിരവധി ഓണംകളിപാട്ടുകള്ക്കും ആല്ബംപാട്ടുകള്ക്കും സംഗീതം പകര്‍ന്ന ശോഭു ആലത്തൂരിന്റെ ശബ്ദത്തില്‍ അഴകൊഴുകും ശബരി യുട്യൂബില്‍ റിലീസ്ചെയ്തിട്ടുണ്ട്.
ഓണംകളി പരിശീലന സമയത്ത് തനിക്ക് പാടാന്‍ പാട്ടില്ലായിരുന്നു, അങ്ങനെ വിനോജേട്ടന് ശോഭുവിനെ വിളിച്ചുവരുത്തി 'അഴകൊഴുകും ശബരി' കേള്‍പ്പിക്കുകയായിരുന്നുവെന്ന് ശ്രീകാന്ത് പറയുന്നു. എന്നാല്‍ പാട്ട് കേട്ടപ്പോള്‍ വിജയിക്കുമെന്ന് ശ്രീകാന്ത് കരുതിയില്ല, കാരണം ഒരു മ്യൂസിക്കല്‍ വീഡിയോ സോങ്ങ് ശൈലിയിലായിരുന്നു പാട്ട്. എന്നാല്‍ വീടിനടുത്തുള്ള സുഹൃത്ത് സനൂപ് പാടേണ്ട ചില രീതികള്‍ പറഞ്ഞുതന്നു, കൂടെ താനും ചില ശൈലികള്‍ ഉപയോഗിച്ച് ശബരിയെ ഒരു മുഴുനീള ഓണംകളിപാട്ട് ശൈലിയാക്കി പാടി ഫലിപ്പിക്കുകയായിരുന്നുവെന്ന് ശ്രീകാന്ത് പറയുന്നു. ഓണംകളി പാട്ടിനുപുറമേ നാടന്‍പാട്ടും ഭജനയും പാടി ശ്രീകാന്ത് പാട്ട് രംഗത്ത് സജീവമാണ്.
ജനങ്ങളുടെ ഹരമായിമാറിയ ഈ പാട്ടിന് സോനു കാവ്യാത്മകമായി വരികള്‍ എഴുതിയിട്ടുണ്ട്, ശ്രീകാന്ത് അത് ഓണംകളിവേദികളില് ഭാവാത്മകമായി പാടിയിട്ടുണ്ടെന്നും ശബരിക്ക് സംഗീതം നല്കിയ ശോഭു ആലത്തൂര്‍ പറയുന്നു.
- ധനേഷ് കൃഷ്ണ






