ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ എഎപി മുതിര്‍ന്ന നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജയില്‍ വാസം തുടരും. സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസില്‍ 338 കോടിയുടെ പണമിടപാട് സംബന്ധിച്ച തെളിവെടുപ്പ് നടക്കുകയാണ്. അത് പൂര്‍ത്തിയാകാന്‍ 6-8 മാസമെടുക്കും. ഈ കാലയളവിനുള്ളില്‍ തെളിവെടുപ്പ് പൂര്‍ത്തിയായില്ലെങ്കില്‍ സിസോദിയയ്ക്ക് ജാമ്യത്തിനായി വീണ്ടും സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, അന്വേഷണ ഏജന്‍സികള്‍ എല്ലാ ചോദ്യങ്ങള്‍ക്കും മതിയായ വിശദീകരണം നല്‍കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതോടെ കുറഞ്ഞത് എട്ട് മാസം കൂടി വിചാരണ തടവുകാരനായി തുടരേണ്ടി വരുമെന്ന് വ്യക്തമായി. ഫെബ്രുവരിയിലാണ് സിസോദിയയയെ അറസ്റ്റു ചെയ്തത്. സിബിഐയും ഇ.ഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളാണ് സിസോദിയ്ക്കെതിരെയുള്ളത്.






