
അര്ജന്റീനയിലെ മുണ്ടോ മറീനോ അക്വേറിയത്തില് തടങ്കലില് കഴിയുന്ന ഒരു തിമിംഗലമാണ് ഇപ്പോള് വാര്ത്തകളില് ഇടം നേടുന്നത്. കഴിഞ്ഞ
20 വര്ഷമായി ഏകാകിയായി കഴിയുന്ന ക്ഷമെങ്ക് എന്ന കൊലയാളി തിമിംഗലം ആണത്. ലോകത്തിലെ തന്നെ ഏറ്റവും ഏകാകിയായ തിമിംഗലമാണ് ക്ഷമെങ്ക് എന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ട്.
1992 -ല് പാര്ക്കില് എത്തിയ ഈ കൊലയാളി തിമിംഗലത്തിന് ഇപ്പോള് 35 വയസ്സ് പ്രായമുണ്ട്. 20 വര്ഷങ്ങള്ക്കു മുന്പ് ഇതിന്റെ പങ്കാളി ചത്തത് മുതല് അക്വേറിയത്തിലെ ഒരു കുഞ്ഞു ടാങ്കിലെ ഏകാന്ത തടവുകാരനാണ് ക്ഷമെങ്ക്. കഷ്ടിച്ചൊന്ന് അനങ്ങാന് മാത്രം സാധിക്കുന്ന ചെറിയ ടാങ്കിലാണ് ഇപ്പോള് ക്ഷമെങ്കിന്റെ ജീവിതം ജീവിച്ചു തീര്ക്കുന്നത്. സമുദ്രത്തിലെ ഏറ്റവും ശക്തരായ വേട്ടക്കാരില് പെട്ടവരാണ് ഓര്ക്കകള് അഥവാ കൊലയാളി തിമിംഗലങ്ങള്. തികഞ്ഞ സാമൂഹികജീവികള് ആയതുകൊണ്ട് തന്നെ ഏകാന്തവാസം ഇവരെ സംബന്ധിച്ചിടത്തോളം വളരെ ദുഷ്കരമാണ്. അതുകൊണ്ടുതന്നെ ക്ഷമെങ്കിന്റെ മോചനത്തിനായി നിരവധി സംഘടനകളും ആളുകളും രംഗത്തെത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
#freekshamenk എന്ന പേരില് സോഷ്യല് മീഡിയയില് ഹാഷ്ടാഗ് പ്രചരണങ്ങള് പോലും നടന്നു. അതോടെ കൂടുതല് ആളുകളിലേക്ക് ക്ഷമെങ്ക് എത്തി. ആനിമല് ആക്ടിവിസ്റ്റായ ഫില് ഡിമേഴ്സ് പാര്ക്കിലെത്തി ക്ഷമെങ്കിന്റെ ദൃശ്യങ്ങള് പകര്ത്തി സാമൂഹിക മാധ്യമങ്ങളില് പ്രചരിപ്പിച്ചു. എന്നാല്, ഇപ്പോഴും മുണ്ടോ മറീനോ അക്വേറിയത്തിലെ ഏകാന്ത തടവിലാണ് ഈ തിമിംഗലം. ഐ.യു.സി.എന് പട്ടികപ്രകാരം നിലവില് ലീസ്റ്റ് കണ്സേണ് വിഭാഗത്തിലാണ് ഓര്ക്കകള് ഉള്പ്പെടുന്നത്. ലോകത്താകമാനം 50,000 കൊലയാളി തിമിംഗിലങ്ങള് ശേഷിക്കുന്നതായിട്ടാണ് റിപ്പോര്ട്ടുകള്.







Comments