
കണ്ണൂര്‍ : ആറളത്ത് കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തെത്തുടർന്ന് തിരച്ചിലിനായി കർണാടക പോലീസിന്റെ സഹായം തേടി കേരളം. ആറളത്തിന് തൊട്ടടുത്തു കിടക്കുന്നത് കർണാടക വനമേഖലയായത് കൊണ്ടാണ് പരിശോധനയ്ക്കായി സഹായം തേടിയത്.
വെടിവെയ്പ്പ് ഉണ്ടായ പ്രദേശത്ത് ഇന്ന് കൂടുതൽ പരിശോധന നടത്തും. തണ്ടർബോൾട്ടും പൊലീസിന്റെ പ്രത്യേക സ്ക്വാഡുമാണ് മാവോയിസ്റ്റുകൾക്കായി തിരച്ചിൽ വ്യാപിപ്പിക്കുന്നത്. ഇന്നലെ ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ ചാവച്ചിയില്‍ വെച്ചാണ് സംഭവം. ആര്‍ക്കും പരിക്കില്ല. പ്രദേശത്ത് തെരച്ചില്‍ തുടരുന്നു. നായാട്ടു വിരുദ്ധ സ്ക്വാഡിന് അരിയും സാധനങ്ങളും എത്തിക്കാൻ പോയ സംഘത്തിനു നേരെയാണ് മാവോയിസ്റ്റുകൾ വെടിയുതിർത്തത്. ആറളം വന്യജീവി സങ്കേതത്തിന്റെ ഏറ്റവും ഉയർന്ന മേഖലയായ അമ്പലപ്പാറയിലാണ് നായാട്ടു വിരുദ്ധ സ്ക്വാഡ് ക്യാംപ് ചെയ്യുന്നത്.
അവിടേക്ക് സാധനങ്ങൾ കൊണ്ടു പോകുകയായിരുന്ന മൂന്നംഗ വനം വാച്ചർമാരുടെ സംഘത്തിനു നേരെയാണ് ഉച്ചയോടെ വെടിവയ്പുണ്ടായത്. മാവോയിസ്റ്റുകളുടെ മുന്നിൽപെട്ട വനം വാച്ചർമാരുടെ സംഘം തിരിഞ്ഞോടിയപ്പോഴാണ് വെടിവയ്പുണ്ടായതെന്നാണു ലഭിക്കുന്ന വിവരം. കോളനിയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട താൽക്കാലിക വാച്ചർമാരാണ് വനപാലക സംഘത്തിൽ ഉണ്ടായിരുന്നത്.
അതേസമയം, വനപാലകർക്കുനേരെ വെടിയുതിർത്ത മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ ചുമത്തി. അഞ്ചംഗ സംഘത്തിനെതിരെ വധശ്രമ കുറ്റത്തോടൊപ്പമാണ് യുഎപിഎയും ചുമത്തിയത്. സംഘത്തിലെ രണ്ടുപേരെ വനപാലകർ തിരിച്ചറിഞ്ഞു. മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് സൂചന.






