
ടെല്‍ അവീവ്: ഹമാസിനെതിരെ ഇസ്രയേല്‍ നടത്തുന്ന പോരാട്ടത്തെ അപലപിച്ച് പ്രമേയം പാസാക്കിയ യു.എന്‍ പൊതുസഭയെ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമീന്‍ നെതന്യാഹൂ. മനുഷ്യത്വം പരിഗണിച്ച് താത്ക്കാലിക യുദ്ധ വിരാമം വേണമെന്ന പ്രമമയം ആഴത്തിലുള്ള പിഴവാണ്. ഹമാസ് നടത്തുന്ന ആക്രമണത്തെ കുറിച്ച് പ്രമേയം ഒന്നും പറയുന്നില്ല. ഞങ്ങളുടെ പല സുഹൃത്തുക്കള്‍ പോലും ഇവിടെ നടക്കുന്ന ഭീകര പ്രവര്‍ത്തനത്തിനെതിരെ ശക്തമായി പ്രതികരിച്ചില്ല. ഞങ്ങള്‍ അടക്കം ഒരു പരിഷ്കൃത സമൂഹത്തിലും ഭീകരതയില്ല. എന്നാല്‍ പല രാജ്യങ്ങളും അതിനോട് സഹിഷ്ണുത പാലിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ഇത്തരത്തിലുള്ള പ്രമേയങ്ങള്‍ ഇനിയുണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തലിന് ഇസ്രയേല്‍ ഒരുക്കമല്ല. വിജയം കാണുംവരെ പോരാട്ടം തുടരും. വെടിനിര്‍ത്തല്‍ ആവശ്യം ഇസ്രയേല്‍ ഹമാസിന് കീഴടങ്ങുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഗാസ മുനമ്പില്‍ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. വെസ്റ്റ് ബാങ്കില്‍ മുതിര്‍ന്ന ഹമാസ് നേതാവ് സലേ അല്‍-അരോരിയുടെ വീട് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് തകര്‍ത്തു. റാമള്ളയ്ക്ക് സമീപമുള്ള വീടാണ് തകര്‍ത്തത്.
അതിനിടെ, ചൈന ഓണ്‍ലൈന്‍ മാപ്പില്‍ നിന്ന് ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ പേര് എടുത്തുനീക്കിയെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.






