
ന്യൂഡല്‍ഹി: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് യഹോവ സാക്ഷികള്‍. അനേകം ആളുകള്‍ ഒരുമിച്ച് കൂടി പങ്കെടുക്കുന്ന തരത്തിലുള്ള പ്രാര്‍ത്ഥനാ സംഗമങ്ങള്‍ നിര്‍ത്തി വെച്ച് പകരം ഓണ്‍ലൈനില്‍ നടത്താനാണ് നിര്‍ദേശം വന്നിരിക്കുന്നത്. അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് യഹോവസാക്ഷി ദേശീയ വക്താവ് ജോഷ്വാ ഡേവിഡ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ പ്രാര്ത്ഥനാസംഗമാണ് നിര്‍ത്തിയത്.
കളമശ്ശേരിയിലേത് പോലെ വന്‍ ജനാവലി പങ്കെടുക്കുന്ന തരത്തിലുള്ള കിംഗ്ഡം ഹോളുകളിലെ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ ഒഴിവാക്കാനാണ് സഭയുടെ ഇന്ത്യന്‍ ഘടകം വിശ്വാസികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈനായി നടത്താനണ് നിര്‍ദേശം. നേരത്തേ 2000 ഓളം വരുന്ന വിശ്വസികള്‍ പങ്കെടുത്ത പ്രാര്‍ത്ഥനാ കൂട്ടായ്മയിലാണ് മാര്ട്ടിന് എന്നയാള്‍ ബോംബ് വെച്ചതും മൂന്ന് പേരുടെ മരണത്തിന് കാരണമായി മാറിയതും. മാര്ട്ടിന് പിന്നീട് പോലീസില്‍ എത്തി കീഴടങ്ങുകയും ചെയതു.
കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്വന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര് മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുകയായിരുന്നു കന്വന്ഷന് സെന്ററില്‍. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഡൊമിനിക് മാര്ട്ടിന് സ്ഫോടനം നടത്തിയത്. യഹോവസാക്ഷി കൂട്ടായ്മയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് താന്‍ സ്ഫോടനം നടത്തിയതെന്നാണ് മാര്ട്ടിന് പോലീസിന് കൊടുത്ത മൊഴി.
കേസില്‍ പ്രതി എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം പ്രതിയുടെ ആലുവ അത്താണിയിലുള്ള ഫ്ളാറ്റില്‍ പ്രാഥമിക തെളിവെടുപ്പു നടത്തി. ഏഴു മണിക്കൂര്‍ നീണ്ട തെളിവെടുപ്പിന് ശേഷം സന്ധ്യയോടെ കലൂരിലെ എന്‍.ഐ.എ കോടതിയില്‍ പ്രതിയെ ഹാജരാക്കി. കസ്റ്റഡിയില്‍ വാങ്ങിയശേഷം പോലീസ് കൂടുതല്‍ വിശദമായ തെളിവെടുപ്പു നടത്തും. ഇന്നു കസ്റ്റഡി അപേക്ഷ നല്‍കും.
കളമശേരിയിലെ സമ്മേളന ഹാള്‍, തമ്മനത്തെ വാടകവീട്, കറുകുറ്റിയിലെ ഹോട്ടല്‍, പടക്കക്കട എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തും. തമ്മനത്തെ വീട്ടില്‍വച്ചും ബോംബ് നിര്‍മാണം പരിശീലിച്ചതായി പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്.






