
ഇടുക്കി: ടിആര്‍ ആന്റ് ടി എസ്റ്റേറ്റിലെ ജനവാസ മേഖലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടുപന്നികളെ ഇറക്കിവിട്ട സംഭവത്തില്‍ വനംമന്ത്രി എ.കെ ശശീന്ദ്രന് പരാതി നല്കി. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനുവാണ് മന്ത്രിയെ സന്ദര്‍ശിച്ച് വിശദീകരിക്കുകയും, ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തത്.
കഴിഞ്ഞ മാസം 30ന് രാത്രി പെരിയാര്‍ ടൈഗര്‍ റിസ്സര്വില് നിന്നും തേക്കടി വെസ്റ്റിലെ ഫോറെസ്റ്റ് ഉദ്യോഗസ്ഥര്‍ പമ്പജ്യോതി എന്ന ലോറിയില്‍ കാട്ടുപന്നികളെ ഇറക്കി വിട്ടതിനെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ എല്ലാം ഭീതിയിലാണ്. നിലവില്‍ വന്യമൃഗങ്ങളുടെ ശല്യം മൂലം തൊഴിലാളികള്‍ക്ക് ജോലിചെയ്യുവാനോ സ്വസ്ഥമായി ജീവിക്കുവാനോ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ പ്രശ്നം ചൂണ്ടികാണിച്ചാണ് വനംമന്ത്രിക്ക് പരാതി നല്‍കിയത്. ഉദ്യോഗസ്ഥരുടെ ഇത്തരം നടപടികള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്നും വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തതായി കെ.ടി ബിനു അറിയിച്ചു. വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ ജനദ്രോഹ നടപടിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി മുമ്പോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹമറിയിച്ചു.






