
ഭോപ്പാല്‍: കഴിഞ്ഞ 25 വര്‍ഷമായി വടക്കന്‍ ഭോപ്പാല്‍ മണ്ഡലത്തില്‍ ഒരേയൊരു പേര് കോണ്‍ഗ്രസ് എംഎല്‍എ ആരി അഖീലിന്റേതാണ്. 1998 മുതല്‍ ഇവിടെ തന്റെ വിജയത്തില്‍ പ്രധാന സഹായി സഹോദരന് ആമീര്‍ അഖീലാണ്. എന്നാല്‍ ഇത്തവണ അഖീലിന്റെ കുടുംബത്തില്‍ നിന്നു തന്നെ ഒരാളെ ബിജെപിയും ഇറക്കിയതോടെ കുടുംബത്തില്‍ നിന്നുള്ള ആള് എംഎല്‍എ ആകുമെന്ന് ഉറപ്പായി.
71 കാരനായ കോണ്‍ഗ്രസ് നേതാവ് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായ സാഹചര്യത്തില്‍ ഇത്തവണ കോണ്‍ഗ്രസ് തെരഞ്ഞെടുത്തത് മകനും യുവാവുമായ ആതിഫ് അഖീലിനെയായിരുന്നു. ആരിഫ് തന്റെ പിന്‍ഗാമിയായി ആതിഫിനെ വാഴിക്കാന്‍ ശ്രമിച്ചത് പാര്‍ട്ടിക്കുള്ളില്‍ വലിയ ഉള്‍പ്പാര്‍ട്ടി പോരിന് കാരണമായി. സഹോദരന് ആമിര്‍ അഖീല്‍ പ്രതിഷേധവുമായി വരികയും മകനെതിരേ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരികയും ചെയ്തിരിക്കുകയാണ്. ആമിറിന്റെ ഈ പിന്നില്‍ നിന്നുള്ള കുത്ത് എല്ലാവരും ഒരുമിച്ച് താമസിക്കുന്ന അഖീല്‍ കുടുംബത്തെ ഒന്നടങ്കം പ്രശ്നമായി ബാധിച്ചിരിക്കുകയാണ്. എല്ലാവരും പഴയ ഭോപ്പാലിലെ ലക്ഷ്മി ടാക്കീസിന് സമീപമുള്ള വീട്ടില്‍ താമസിക്കുന്നതും ഒരുമിച്ചാണ്.
തെരഞ്ഞെടുപ്പ് കുടുംബവഴക്കായി മാറിയതോടെ 50 ശതമാനത്തോളം മുസ്ളീം വോട്ടുകള്‍ വരുന്ന മണ്ഡലം പിടിച്ചെടുക്കാന്‍ ഇതോടെ ബിജെപിയും ഇറങ്ങിയിരിക്കുകയാണ്. ബന്ധുക്കള്‍ തമ്മിലുള്ള മത്സരം തങ്ങള്‍ക്ക് ഗുണമാകുമെന്നാണ് ബിജെപി കരുതുന്നത്. മുന്‍ മേയര്‍ അലോക് ശര്‍മ്മയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. 25 വര്‍ഷമായി ഇൗ സീറ്റ് ബിജെപിയ്ക്ക് കണികാണാന്‍ പോലും കിട്ടിയിട്ടില്ല.
'' 25 വര്‍ഷമായി ഇവിടെ തെരഞ്ഞെടുപ്പ് എല്ലായ്പ്പോഴും ഹിന്ദുക്കളും മുസ്ളീങ്ങളും തമ്മിലുള്ള സാമൂഹ്യപ്രശ്നമാണ്. ആരിഫ് അഖീല്‍ ഇവിടെ നത്തുന്നത് തെറ്റായ രാഷ്ട്രീയമാണ്. ഇവിടെ തെരഞ്ഞെടുപ്പില്‍ സംസാരിക്കേണ്ടത് വികസന പ്രശ്നങ്ങളാണ്. അക്വീലുകളുടെ 'ഗുണ്ടാഗര്ഡി' പ്രവര്‍ത്തിക്കില്ലെന്ന് പഴയ നഗരം മുഴുവന്‍ ഇപ്പോള്‍ മനസ്സിലാക്കി - അവരുടെ കുടുംബം നശിച്ചു, അവര്‍ നഗരത്തെ എങ്ങനെ സേവിക്കും?'' ശര്‍മ്മ ചോദിക്കുന്നു.
അതേസമയം ഇവിടെ 30,000 മുതല്‍ 35000 വരെ ഹിന്ദു വോട്ടുകളാണ് ഉള്ളതെന്നും അവരെല്ലാം സാമൂഹ്യ സൗഹാര്ദ്ദമുള്ളവര് ആണെന്നും ആതിഫ് അഖീല്‍ പറയുന്നു. മതസൗഹാര്‍ദ്ദത്തിന്റെ വലിയ ഉദാഹരണമാണ് തന്റെ പിതാവെന്നും ഒന്നിനെയും പിരിച്ചുപിരിച്ചു കാണാതെ എല്ലാറ്റിനെയും ഒരുമയോടെയാണ് കണ്ടിരുന്നതെന്നും താന്‍ അനുകരിക്കുന്നത് പിതാവിനെയാണെന്നും പിതൃസഹോദരന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ ബിജെപിയുടെ ഗൂഡാലോചനയാണെന്നും ആതിഫ് പറഞ്ഞു.






