തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്നത് ധൂര്‍ത്താണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പെന്ഷന് പോലും നല്കാന് സര്‍ക്കാരിന് പണമില്ലാത്ത സാഹചര്യത്തില്‍ വ്യക്തിപരമായ ആവശ്യത്തിനായി സ്വിമ്മിംഗ് പൂള് നിര്‍മിക്കുന്നതിനായി പണം ചെലവാക്കുന്നുവെന്ന് മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി ഗവര്‍ണര്‍ ആരോപിച്ചു. ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടാത്തതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പുനഃരാലോചന ഇല്ലെന്ന നിലപാടില്‍ തന്നെയാണ് ഗവര്‍ണര്‍.
സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ തന്നെ ദുര്‍വ്യയങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നാണ് രൂക്ഷഭാഷയിലുള്ള ഗവര്‍ണറുടെ വിമര്‍ശനം. സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഹൈക്കോടതിയെ സര്‍ക്കാര്‍ തന്നെ അറിയിച്ചതാണ്. എന്നാല്‍ അതേ സര്‍ക്കാര്‍ തന്നെ ആഘോഷങ്ങളുടെ പേരില്‍ പണം ചെലവാക്കുകയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
കേരളീയം പരിപാടിയുടെ പേര് പറയാതെയാണ് കേരളീയത്തെ കൂടി ലക്ഷ്യമാക്കിയുള്ള ഗവര്‍ണറുടെ പ്രതികരണം. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവാക്കുന്ന വിഷയങ്ങളില്‍ ധനബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി വേണം. വിസി നിയമനവുമായി ബന്ധപ്പെട്ട് ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയത് ആ അനുമതി തേടിതെയാണെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ച ശേഷം മാത്രം തുടര്‍ നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് രാജ് ഭവന്റെ തീരുമാനം.






