
തിരുവനന്തപുരം: സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യറാലി 11ന് കോഴിക്കോട് നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. റാലിയിൽ മുസ്ലിം ലീഗ് ഉൾപ്പെടെ ഉള്ളവർക്ക് പങ്കെടുക്കാം. റാലി വിഭാവനം ചെയ്തത് വിശാല അർത്ഥത്തിലാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പലസ്തീന് പിന്തുണയുമായി സംസ്ഥാനമാകെ കൂടുതൽ പ്രചാരണ പരിപാടികൾ നടത്താനൊരുങ്ങുകയാണ് സിപിഎം.
ഹിന്ദുത്വ അജണ്ടക്ക് എതിരായി ചിന്തിക്കുന്നവരെ എല്ലാം സിവിൽ കോഡ് പ്രക്ഷോഭത്തിന് വിളിച്ചിരുന്നു. ഇടിയുടെ പ്രസ്താവനക്ക് പിന്നാലെ ലീഗിനെ റാലിക്ക് ക്ഷണിക്കുന്നതിൽ സിപിഎമ്മിന് ഒരു പ്രയാസവും ഇല്ലായിരുന്നു. ലീഗ് ഇപ്പോഴും പറയുന്നത് സാങ്കേതിക കാരണം മാത്രമാണെന്നാണ്. എന്നാൽ ആ സാങ്കേതിക കാരണം കോൺഗ്രസിന്റെ വിലക്കാണ്.
അഴകൊഴമ്പൻ നിലപാടുള്ള കോൺഗ്രസിനെ സിവിൽ കോഡ് വിഷയത്തിലും സഹകരിപ്പിച്ചിരുന്നില്ല. അന്നുള്ള നിലപാട് തന്നെയാണ് ഇന്നും സിപിഎമ്മിനുള്ളത്. പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലെ തരൂരിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അതിൽ മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്യാടൻ ഷൗക്കത്തിന്റെ നിലപാട് സംഘടനാ വിരുദ്ധമാണെന്നാണ് കോൺഗ്രസ് പറയുന്നത്. കോൺഗ്രസിന്റെ പലസ്തീൻ നിലപാട് അന്വേഷിച്ച് വേറെ എവിടേയും പോകണ്ടല്ലോ. അത്തരം കോൺഗ്രസുകാരെയും ക്ഷണിക്കാൻ തയ്യാറാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.






