
ബോളിവുഡ് ഏറെ ആഘോഷത്തോടെ വരവേറ്റ വിവാഹമാണ് രണ്‍ബീര്‍ കപൂറിന്റേതും ആലിയ ഭട്ടിന്റേതും. ദീര്‍ഘനാളത്തെ പ്രണത്തിനു ശേഷമാണ് ഇവര്‍ രണ്ടാളും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. അധികം താമസിയാതെ തങ്ങള്‍ മാതാപിതാക്കളാകുന്നു എന്ന വാര്‍ത്തയും ആലിയ പങ്കിട്ടു. പിന്നീട് മകള്‍ റാഹ കപൂറിന്റെ ഓരോ വിശേഷങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കിട്ടിട്ടുണ്ട്. എങ്കിലും ഇതുവരെ റാഹയുടെ മുഖം ആരാധകര്‍ക്ക് മുന്നിലെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം റാഹയുടെ ഒന്നാം ജന്മദിനമായിരുന്നു. വളരെ ഗംഭീരമായിട്ടാണ് കപൂര്‍ കുടുംബമിത് ആഘോഷിച്ചത്. ഇപ്പോഴിതാ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് ആലിയ. അമ്മയും അച്ഛനും തനിക്കായി വാങ്ങിയ കേക്ക് വാരിക്കളിക്കുന്ന കുഞ്ഞു റാഹയുടെ കൈകളുടെ ചിത്രങ്ങളാണ് ഒന്ന്. മറ്റൊന്ന് രണ്‍ബീറും ആലിയയും റാഹയും കൈയില്‍ പൂവ് പിടിച്ചിരിക്കുന്ന ചിത്രമാണ്. ഫ്രഞ്ച് ഗായിക എഡിത്ത് പിയാഫിന്റെ 'ലാ വി എന്‍ റോസ്' എന്ന പാട്ട് റാഹയെ കേള്‍പ്പിച്ചുകൊടുക്കുന്ന വീഡിയോയും ആലിയ പങ്കുവെച്ചിട്ടുണ്ട്. താന്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ഈ പാട്ട് കുഞ്ഞിനായി പ്ലേ ചെയ്തത് ഇന്നലെ എന്നപോലെ തോന്നുന്നുവെന്നും താരം വീഡിയോക്കൊപ്പം എഴുതി. ‘‘ഞങ്ങളുടെ സന്തോഷം, ഞങ്ങളുടെ ജീവിതം, ഞങ്ങളുടെ പ്രകാശം. നീ എന്റെ ഗര്‍ഭത്തിലായിരിക്കെ ഞങ്ങള്‍ ഈ പാട്ട് നിനക്കായി പ്ലേ ചെയ്തത് ഇന്നലെ എന്നപോലെ തോന്നുന്നു. നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതോടെ ഞങ്ങള്‍ അനുഗ്രഹീതരായി. നീ എല്ലാ ദിവസവും സ്വാദിഷ്ഠമായ, ക്രീം നിറഞ്ഞ ഒരു കേക്കിന്റെ കഷ്ണം പോലെ തോന്നിപ്പിക്കുന്നു. ബേബി ടൈഗറിന് പിറന്നാള്‍ ആശംസകള്‍. നിന്നെ ഒരുപാട് സ്നേഹിക്കുന്നു...’’ ചിത്രങ്ങള്‍ക്കൊപ്പം ആലിയ മനോഹരമായി കുറിച്ചു.
ആലിയയുടെ അമ്മ സോണി റാസ്ദാന്, രണ്‍ബീറിന്റെ സഹോദരി റിധിമ കപൂര്‍ എന്നിവര്‍ റാഹയ്ക്ക് ആശംസ നേര്‍ന്നിട്ടുണ്ട്. ഇത്ര പെട്ടെന്ന് ഒരു വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് സോണി റാസ്ദാന്റെ കമന്റിട്ടത്. ആലിയ ഭട്ടിന്റെ സഹോദരി ഷഹീന് ഭട്ട്, രണ്‍ബീര്‍ കപൂറിന്റെ അമ്മ നീതു കപൂര്‍ എന്നിവരും റാഹയ്ക്ക് ആശംസയുമായി പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഒന്നാം പിറന്നാളിനെങ്കിലും റാഹയുടെ മുഖം കാണാന്‍ കഴിയുമെന്ന് ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മകളുടെ മുഖം ക്യാമറയ്ക്ക് മുന്നില്‍ കാണിക്കാത്തതിനെ കുറിച്ച് ആലിയ മനസ് തുറന്നിരുന്നു. ‘‘മകളുടെ മുഖം മറച്ചുപിടിക്കുകയാണെന്ന് കരുതരുത്. ഇപ്പോള്‍ ക്യാമറ ഓണ്‍ അല്ലെങ്കില്‍ മകളുടെ മുഖം സ്ക്രീനില്‍ കാണിക്കുമായിരുന്നു...’’ എന്ന് ആലിയ പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 14-നായിരുന്നു ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്.






