
റായ്പൂര്‍: നോട്ട് അസാധുവാക്കലിന് പിന്നാലെ വിലയിടിഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധിക്കാന്‍ കര്‍ഷകര്‍ നാട്ടുകാര്‍ക്ക് സൗജന്യമായി നല്‍കിയത് ഒരു ലക്ഷം കിലോ പച്ചക്കറി. ഛത്തീസ്ഗഡ് തലസ്ഥാന നഗരിയില്‍ നടന്ന പ്രതിഷേധത്തില്‍ 200 കര്‍ഷകരാണ് തങ്ങളുടെ വിളവ് നാട്ടുകാര്‍ക്ക് സൗജന്യമായി നല്‍കിയത്. നഗരത്തിലെ ബുദ്ധ തലാബ് പ്രദേശത്ത് നടന്ന കര്‍ഷക ധര്‍ണ്ണയില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് എത്തിയത്. ഇവര്‍ക്കെല്ലാം ഒരു മിനിട്രക്കില്‍ കൊണ്ടുവന്ന പച്ചക്കറി നല്കി.
ഛത്തീസ്ഗഡ് യുവ പ്രഗതിശീല് കിസാന്‍ സംഘ് ആയിരുന്നു ധര്‍ണ്ണ നടത്തിയത്. പ്രതിഷേധത്തില്‍ പങ്കെടുത്ത 30,000 പേര്‍ക്ക് പച്ചക്കറികള്‍ വിതരണം ചെയ്തതായി അധികൃതര്‍ പറഞ്ഞു. അതേസമയം നോട്ട് അസാധുവാക്കലിന് എതിരേയല്ല തങ്ങളുടെ സമരമെന്നും വിലയിടിവിന് ഇത് പ്രധാന കാരണമായെന്നത് മാത്രമാണ് പ്രതിഷേധ കാരണമെന്നും ഇവര്‍ പറയുന്നു. അതേസമയം പണ നിരോധനത്തിന് എതിരേയുള്ള തങ്ങളുടെ പ്രതിഷേധം ബിജെപി നേതാക്കള്‍ ഹൈജാക്ക് ചെയ്തെന്നും ഇവര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
നോട്ട് നിരോധനത്തിനെതിരേ പ്രതിഷേധിക്കാന്‍ എത്തിയവര്‍ അതിനെതിരേ സംസാരിക്കാന്‍ കൂട്ടാക്കാതിരുന്നത് ചില ബിജെപി നേതാക്കളുടെ ഇടപെടല്‍ മൂലമാണെന്ന് ചില കര്‍ഷകനേതാക്കള്‍ ആരോപിച്ചു. പച്ചക്കറിയുടെ വില ഈ രീതിയില്‍ കുത്തനെ ഇടിയാന്‍ കാരണം നോട്ട് നിരോധനമാണെന്നും ഇവര്‍ പറഞ്ഞു. സംസ്ഥാനത്ത് ഒരാഴ്ചയായി മൊത്തക്കച്ചവട രംഗത്തും ചെറുകിട കച്ചവട രംഗത്തും പച്ചക്കറിക്ക് വന്‍ വിലയിടിവാണ് ദൃശ്യമാകുന്നത്. അതേസമയം ഇതൊരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും ഉടന്‍ കാര്യങ്ങള്‍ സാധാരണ നിലയില്‍ ആകുമെന്നുമാണ് അധികൃതര്‍ നല്കുന്ന സൂചന.






