
തിരുവനന്തപുരം: ധനമന്ത്രിയായിരുന്ന തന്നെ ബാര്‍കോഴ വിവാദത്തില്‍ വിവാദം വട്ടമിട്ട് ആക്രമിക്കുമ്പോള്‍ ആരോപണം ഉന്നയിച്ചയാളുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് നടത്തിപ്പുകാരായി മാറുകയായിരുന്നു ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചെയ്തതെന്ന് കെ.എം.മാണിയുടെ ആത്മകഥ. വിവാദത്തില്‍ തനിക്ക് യുഡിഎഫില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നും വെളിപ്പെടുത്തുന്നു.
കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയുള്ള ബാറുടമയാണ് തനിക്കെതിരേ ആരോപണം ഉന്നയിച്ചത്. തന്നെ ആരോപണത്തിന്റെ നടുക്കടലില്‍ നിര്‍ത്തി ഇതേ ബാറുടമയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുത്ത ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിവാഹം നടത്തിപ്പുകാരായിരുന്നെന്നും വിമര്‍ശിച്ചിട്ടുണ്ട്. താന്‍ ഒരുകോടി രൂപ വാങ്ങിയെന്ന് ആരോപണം ഉന്നയിച്ചത് തലസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയുള്ള ബാറുടമയായിരുന്നു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല വിദേശത്തായിരുന്നു.
നാട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ അദ്ദേഹം അടിയന്തിര കാര്യം പോലെ ചെയ്തത് കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. 'ഇയാള്‍ അല്‍പ്പം വെള്ളം കുടിക്കട്ടെ ഒരു പാഠം പഠിക്കട്ടെ' എന്ന മാനസീകാവസ്ഥയിലായിരുന്നിരിക്കാം രമേശ് എന്നും ആത്മകഥയില്‍ വിമര്‍ശിക്കുന്നുണ്ട്. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് അന്നത്തെ ഒരു കോണ്‍ഗ്രസ് നേതാവ് തന്നോട് ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യത്തോട് താന്‍ മുഖം തിരിച്ചിരുന്നു. ഇതായിരുന്ന കാരണമെന്നും പറയുന്നുണ്ട്.
ബാറുകളെ സംബന്ധിച്ച ഫയല്‍ നിയമമന്ത്രി കൂടിയായ തന്നെ കാണിക്കാതെ മന്ത്രിസഭായോഗത്തില്‍ കൊണ്ടുവന്നത് വിമര്‍ശിച്ചപ്പോള്‍ കെ. ബാബുവിന് ഇഷ്ടമായില്ല. 'നിങ്ങള്‍ ആ ജൂബ്ബാച്ചേട്ടനോട് പോയി ചോദിക്ക്' എന്നായിരുന്നു ബാബുവിന്റെ പ്രതികരണമെന്നും പറയുന്നു. ബാറുകള്‍ പൂട്ടിയതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഉണ്ടായ തര്‍ക്കം വെറും ഈഗോ പ്രശ്നം മാത്രമായിരുന്നെന്നും ആത്മകഥയില്‍ പറയുന്നുണ്ട്.






