
യുവാക്കളില്‍ പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതമരണങ്ങള്ക്കു കോവിഡ് 19 വാക്സിനേഷനുമായി ബന്ധമൊന്നുമില്ലെന്ന് പഠനം. ജീവിതെശെലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഇതര രോഗങ്ങളും സാമാന്യം ഗുരുതരമായി വന്ന കോവിഡ് ബാധയും ആണ് ഇക്കൂട്ടരില്‍ പില്‍ക്കാലത്തുണ്ടാകുന്ന ഹൃദയാഘാതത്തിന് ഏറിയ കൂറും കാരണമാകുന്നതെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്) ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നു. വാക്സിന് എടുക്കാത്തവരില്‍ ഇത്തരം മരണം കൂടുതലായിരുന്നു എന്നും പഠനം തെളിയിച്ചു.
ഗുരുതരമായി കോവിഡ് ബാധിച്ചവര്‍ കഠിനമായ വ്യായാമങ്ങള്‍ ധൃതിപിടിച്ച് ചെയ്യാന്‍ പാടില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കോവിഡ് പ്രതിരോധ വാക്സിന് എടുത്ത യുവാക്കളില്‍ ഹൃദയാഘാതമരണങ്ങള്‍ വര്‍ധിക്കുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം ശക്തമായിരുന്നു. ഐ.സി.എം.ആര്. പഠനം ഇതു തള്ളിക്കളഞ്ഞു. നല്ല ആരോഗ്യമുള്ളവരും എന്നാല്‍, അപ്രതീക്ഷിതമായി പെട്ടെന്നു മരണത്തിനു കീഴടങ്ങിയവരുമായ, 18 നും 45 നും ഇടയില്‍ പ്രായമുള്ള 729 പേരിലാണ് ഐ.സി.എം.ആര്. പഠനം നടത്തിയത്.
2021 ഒക്ടോബര്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയവളിലാണു പഠനം നടന്നത്. പുകവലി, അമിത മദ്യപാനം, അമിതമായ കായികാധ്വാനം, ഹൃദ്രോഗത്തിലെ കുടുംബപാരമ്പര്യം എന്നിവയാണ് മരണകാരണമായി പഠനം ചൂണ്ടിക്കാട്ടുന്നത്. കോവിഡ് വാക്സിനേഷന് ഹൃദയാഘാതം കുറയ്ക്കുന്നുവെന്നും പഠനം എടുത്തു പറയുന്നു. കോവിഡ് വാക്സിന് എടുത്തവരില്‍ ഹൃദയസ്തംഭനം വ്യാപകമായി ഉണ്ടാകുന്നുവെന്ന തെറ്റായ പ്രചാരണം സാമൂഹിക മാധ്യമങ്ങളിലടക്കം ഉണ്ടായിരുന്നുവെന്നും ആ ആശങ്ക മാറാന്‍ പുതിയ റിപ്പോര്‍ട്ട് ഇടയാക്കുമെന്നും കോവിഡ് രോഗ വിദഗ്ധനും ഗവേഷകനുമായ ഡോ. രാജീവ് ജയദേവന് പറഞ്ഞു.
'വ്യായാമം കരുതലോടെവേണം' നല്ല ആരോഗ്യമുള്ളവര്‍ക്ക് ഗുരുതരമല്ലാത്ത കോവിഡ് മാറിയ ശേഷം ഒന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ സാധാരണ വ്യായാമം ആവാം. എന്നാല്‍ ഇക്കാര്യത്തില്‍ അല്പം സാവകാശം എല്ലാം കൊണ്ടും നല്ലതാണെന്നും ഡോ. രാജീവ് ജയദേവന് പറഞ്ഞു.
അതേസമയം, ഗുരുതരമായി കോവിഡ് ബാധിച്ചവര്‍ ധൃതിപിടിച്ച് കഠിനമായ വ്യായാമമുറകള്‍ ഉടന്‍ തന്നെ ചെയ്യുന്നത് ഒഴിവാക്കുകയാണു നല്ലത്. കോവിഡ് രക്തക്കുഴലുകളെ ബാധിക്കുന്നതിനാല്‍ ഇക്കൂട്ടര്‍ കഠിനമായ വ്യായാമമുറകള്‍ ചെയ്യാന്‍ മുതിരുന്നത് വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എക്കാലത്തെയും കണക്കുകള്‍ പറയുന്നത് ഹൃദയാഘാതംമൂലം മരണമുണ്ടാകുന്നവരില് അധികവും പ്രായം ചെന്നവരാണ് എന്നാണ്. എന്നാല്‍, നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരും ചിലപ്പോള്‍ ഹൃദയം സ്തംഭിച്ച് മരണമടയുന്നുണ്ട്. ഇക്കൂട്ടരിലെ മരണകാരണം കണ്ടുപിടിക്കാന്‍ മുന്‍പ് പോസ്റ്റ്മോര്‍ട്ടം പഠനത്തിലൂടെ കഴിഞ്ഞിരുന്നു. ഹൃദ്രോഗത്തിനു പുറമേ അണുബാധ, തലച്ചോറില്‍ രക്തസ്രാവം, ഉദര സംബന്ധിയായ രോഗങ്ങള്‍ എന്നിവ മൂലമാണ് 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ മരണമടഞ്ഞത്. യുവാക്കളില്‍ അമിതമായ മദ്യപാനവും പുകവലിയും ഹൃദയാഘാതത്തിന് കാരണമാകുന്നുവെന്ന് വികസ്വര രാജ്യങ്ങളില്‍നിന്നുള്ള വലിയ പഠനങ്ങളും ഐ.സി.എം.ആറും ശരിവയ്ക്കുന്നുവെന്ന് ഡോ. രാജീവ് ജയദേവന് പറഞ്ഞു.






