
കൊച്ചി: തെരുവുനായ്ക്കള്‍ വര്‍ധിക്കുന്നതു തടയാന്‍ വന്ധ്യംകരണത്തിനുള്ള വിലക്കു നീക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. 2016-2023 വരെ 79,859 വന്ധ്യംകരണ ശസ്ത്രക്രിയ നടത്താന്‍ കടുംബശ്രീക്കു സാധിച്ചു. എന്നാല്‍ 2021 ല്‍ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ കുടുംബശ്രീയുടെ ഈ അംഗീകാരം എടുത്തുകളഞ്ഞതോടെ വന്ധ്യംകരണം പ്രതിസന്ധിയിലായെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.പഞ്ചായത്തുകള്‍ തോറും ഷെല്‍ട്ടര്‍ഹോമുകള്‍ സ്ഥാപിച്ചു തെരുവുനായ്ക്കളെ മാറ്റിപാര്‍പ്പിക്കണമെന്ന െഹെക്കോടതി നിര്‍ദ്ദേശത്തിനെതിരേ നല്കിയ അപ്പീലിലാണു ആവശ്യം.
കേന്ദ്രമാനദണ്ഡം പാലിച്ചു ഷെല്‍ട്ടര്‍ ഹോമുകളും എ.ബി.സി. കേന്ദ്രങ്ങളും സ്ഥാപിച്ചു തെരുവുനായ്ക്കളെ സംരക്ഷിക്കല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു വലിയ ബാധ്യതയാണ്. ഈ വര്‍ഷം 91,255 തെരുവു നായ്ക്കള്‍ക്കു വാക്സിനേഷന് നടത്തി. പാല, മഞ്ചേരി നഗരസഭകളിലും മലയന്‍കീഴ് പഞ്ചായത്തിലുമായി മൂന്നു ഷെല്‍ട്ടര്‍ ഹോമുകള്‍ ആരംഭിച്ചു. 20 എ.ബി.സി. സെന്ററുകളില്‍ 15 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. 2022 സെപ്തംബര്‍ ഒന്നുമുതല്‍ 2023 ജൂണ്‍ 11 വരെ 4,70,534 വളര്‍ത്തു നായകളെ വാക്സിനേറ്റു ചെയ്തു 38,970 സര്‍ട്ടിഫിക്കറ്റുകള്‍ നല്കി. 2,56,124 നായ്ക്കളെ രജിസ്റ്റര്‍ ചെയ്തു. സ്കൂളുകളില്‍ 2217 ബോധവത്കരണ ക്യാമ്പുകള്‍ നടത്തിയതായും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
നേരത്തെ കുടുംബശ്രീക്കു തെരുവുനായ വന്ധ്യംകരണത്തിനുള്ള നിര്‍വഹണ ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നു. നിലവിലുള്ള കേന്ദ്ര നിയമം തെരുവുനായ നിയന്ത്രണത്തിന് ഒട്ടും പര്യാപ്തമല്ല. 2001 ല്‍ കൊണ്ടു വന്ന നിയമം തെരുവുനായ നിയന്ത്രണം ദുഷ്കരമാക്കുന്നതായിരുന്നു. 2023 മാര്‍ച്ചില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയതോടെ തെരുവുനായ നിയന്ത്രണം അസാധ്യമാക്കുന്ന സ്ഥിതിയുണ്ടായതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തെരുവുനായ നിയന്ത്രണം ഫലപ്രദമാകാന്‍ കേന്ദ്രചട്ടങ്ങളില് അടിമുടിമാറ്റം അനിവാര്യമാണ്.
ഈ വര്‍ഷം ചട്ടത്തില്‍ ഭേദഗതി വരുത്തിയതോടെ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുകയാണുണ്ടായത്. എ.ബി.സി. കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ സെര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊജക്ട് റെക്കഗെനെസേഷന്, ഓരോ കേന്ദ്രങ്ങളിലും ചുരുങ്ങിയതു 2,000 ശസ്ത്രക്രിയകള്‍ നടത്തിയ ഡോക്ടര്‍മാരുടെ സേവനം, ഓപ്പറേഷന് തീയേറ്റര്‍, പ്രീ ഓപ്പറേറ്റീവ്-പോസ്റ്റ് ഓപ്പറേറ്റീവ് കെയര്‍ തുടങ്ങിയവ ഉറപ്പാക്കണം. സി.സി. ടി.വി. ദൃശ്യങ്ങള്‍ പകര്‍ത്തി ചുരുങ്ങിയതു 30 ദിവസം സൂക്ഷിക്കണം.
ശരിയായി നിര്‍മിച്ച പാചകപ്പുര, ഐസൊലേഷന്‍ വാര്‍ഡ്, റഫ്രിജറേറ്റര്‍, നീക്കം ചെയ്ത അവയവങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും വേണം. അവയവങ്ങള്‍ നാലംഗ സമിതി രണ്ടാഴ്ച കൂടുമ്പോള്‍ എണ്ണിത്തിട്ടപ്പെടുത്തണം. ആറുവയസിനു താഴെയുള്ള നായകളെയും കുട്ടികളുള്ള പട്ടികളെയും പിടികൂടാന്‍ പാടില്ല തുടങ്ങിയ അപ്രായോഗിക നിര്ദ്ദേശങ്ങടങ്ങിയ പുതുക്കിയ ചട്ടങ്ങളാണു 2023 മാര്‍ച്ച് പത്തിനു നിലവില്‍ വന്നത്. ഇവ പാലിച്ച് എ.ബി.സി. കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സാധ്യമാകാത്ത അവസ്ഥയാണെന്നും ബോധിപ്പിച്ചിട്ടുണ്ട്.






