
'കാഞ്ചന' എന്ന സിനിമയിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് നടനും സംവിധായകനും കൊറിയോഗ്രാഫറുമായ രാഘവ ലോറന്‍സ്. ഇപ്പോഴിതാ പ്രേതത്തെ പറ്റിയുള്ള തന്റെ കാഴ്ചപ്പാട് തുറന്നുപറയുകയാണ് നടന്.
''പ്രേതത്തെയൊക്കെ എനിക്ക് ചെറുപ്പത്തില്‍ പേടിയായിരുന്നു. അതിന് ശേഷം ഇപ്പോള്‍ അങ്ങനെയല്ല. എപ്പോഴും നമ്മള് സ്ക്രിപ്റ്റിനെ പറ്റിയൊക്കെ ചര്‍ച്ച ചെയ്യുമല്ലോ. പിന്നെ സ്ക്രിപ്റ്റ് ചര്‍ച്ച ചെയ്ത് കഴിഞ്ഞാല്‍ സിനിമ ഷൂട്ട് ചെയ്യാനുള്ള ലൊക്കേഷന്‍ തിരഞ്ഞ് പോകും. ലൊക്കേഷന്‍ കണ്ട് പിടിച്ചാലും അവിടെ അവസാനിക്കില്ല. പ്രേത സിനിമയെ പറ്റി തന്നെയാകും മുഴുവന്‍ സമയവും ചര്‍ച്ച ചെയ്യുന്നത്.
വീട്ടില്‍ പോയാല്‍ അമ്മ ഒരു പ്രേത കഥ പറയാന്‍ തുടങ്ങും. പിന്നാലെ മാമനും പാട്ടിയും പറയും. വേണമെങ്കില്‍ അടുത്ത വീട്ടിലുള്ള ആള് വന്ന് കേട്ടാല്‍ അവരും ഒരു പ്രേത കഥ പറയും. ഇതെല്ലാം കേട്ട് രാത്രി ഉറങ്ങുമ്പോള്‍ മാത്രം ചെറിയ അസ്വസ്ഥത തോന്നും. അല്ലാതെ നിങ്ങളെല്ലാവരും വിചാരിക്കുന്നത് പോലെ സിനിമയിലെ പോലെ പേടിച്ച് അമ്മയുടെ ഇടുപ്പില്‍ കയറിയിരിക്കാറില്ല'' ജിഗര്‍താണ്ട ഡബിള്‍ എക്സ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് നടന്
ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'ജിഗര്‍താണ്ട ഡബിള്‍ എക്സ്' ആണ് രാഘവ ലോറന്‍സിന്റെ ഏറ്റവും പുതിയ ചിത്രം. എസ്. ജെ സൂര്യയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അവതരിപ്പിക്കുന്നത്. മലയാളത്തില്‍ നിന്നും നിമിഷ സജയനും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.






