
ഷെയ്ന്‍ നിഗം നായകനായ ദൃഢം, ഭൂതകാലം എന്നീ ചിത്രങ്ങള്‍ തന്റെ കഥകള്‍ മോഷ്ടിച്ചെടുത്തതാണെന്ന ആരോപണവുമായി ബിജെപി നേതാവും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍ ശ്രീലേഖ രംഗത്തെത്തിയിരുന്നു. താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ ' കരിങ്കുടി പോലീസ് സ്റ്റേഷന്‍' എന്ന ചെറുകഥ മോഷ്ടിച്ചാണ് ദൃഢത്തിന്റെ മൂലകഥ ഉണ്ടാക്കിയത് എന്നാണ് ആര്‍ ശ്രീലേഖയുടെ ആരോപിക്കുന്നത്. ശ്രീലേഖയുടെ ആരോപണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദൃഢത്തിന്റെ സംവിധായകന്‍ മാര്‍ട്ടിന്‍ ജോസഫ്.
ശ്രീലേഖയുടെ കഥയുമായി തങ്ങളുടെ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മാര്‍ട്ടിന്‍ പറയുന്നത്. എന്തുകൊണ്ടാണ് ഇങ്ങനൊരു ആരോപണമെന്ന് മനസിലാകുന്നില്ലെന്നും മാര്‍ട്ടിന്‍ പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
' ആര്‍ ശ്രീലേഖയുടെ പോസ്റ്റ് ഞാന്‍ കണ്ടിരുന്നു. അതുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. സിനിമയുടെ എഴുത്തുകാരായ ജോമോനും ലിന്റോയുമായും ഞാന്‍ ബന്ധപ്പെട്ടു. അവര്‍ക്കും ഒരു ബന്ധവുമില്ല അവര്‍ ആദ്യമായിട്ടാണ് ഇത് കാണുന്നതെന്ന് പറഞ്ഞു. ദൃഢം കണ്ടവര്‍ക്ക് മനസിലാകും ദൃഢവും ആ ചെറുകഥയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന്' , മാര്‍ട്ടിന്‍ പറഞ്ഞു.
'' ദൃഢം എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാന്‍ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാന്‍ കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച ' കരിങ്കുടി പോലീസ് സ്റ്റേഷന്‍' എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിന്റെ മൂല കഥ എന്ന് പറഞ്ഞാല്‍ ഒരു തെറ്റുമില്ല'' എന്നാണ് ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചത്.
മൂന്ന് വര്‍ഷം മുമ്പ് യൂട്യൂബ് ചാനലില്‍ പറഞ്ഞ അനുഭവകഥയുടെ മോഷണമാണ് ഭൂതകാലം എന്നാണ് ശ്രീലേഖയുടെ മറ്റൊരു ആരോപണം. ഭൂതകാലത്തിന്റെ തലക്കെട്ടില്‍ പോലും സാമ്യമുണ്ടെന്നും ' ഭൂതഭവനം' എന്നായിരുന്നു താന്‍ കഥയ്ക്ക് നല്‍കിയ പേരെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.






