
തിരുവനന്തപുരം: കേരള മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷമേ നടക്കുവെന്ന് ന്യയം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാ കോൺഗ്രസ് (ബി) എംഎൽഎ ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്. നവകേരള സദസ്സിന് ശേഷം ഡിസംബർ അവസാനം മാറ്റമുണ്ടാകുമെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ അറിയിച്ചു.
മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തീയ്യതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ബി യോഗത്തിൽ ആവശ്യപ്പെട്ടപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള സദസ്സിന് ശേഷം അത് നടന്നോളുമെന്ന് മുഖ്യമന്ത്രി ഘടകകക്ഷി നേതാവിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.
2021 നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് ധാരണ പ്രകാരം ഒരു എംഎൽഎ മാത്രമുള്ള നാല് പാര്‍ട്ടികൾ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടണം. ഇതനുസരിച്ച് കാലവധി തികയുന്നത് ഈ വരുന്ന നവംബര്‍ 20 നാണ്. ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലുമാണ് മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടത്. അതേ സമയം നവകേരള സദസിന്റെ പര്യടനത്തിൽ ആന്റണി രാജുവിനെയും അഹമ്മദ് ദേവർകോവിലിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
നവംബര്‍ പതിനെട്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങൾ തോറും പര്യടനത്തിനിറങ്ങും. ഇടതടവില്ലാതെ ഡിസംബര്‍ 24 വരെ നീളുന്ന തരത്തിലാണ് ജനസദസ്സിന്റെ ഷെഡ്യൂൾ. മന്ത്രിമാറ്റം വേണമെന്ന ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് വൈസ് ചെയര്മാൻ വേണുഗോപാലൻ നായര്‍ എൽഡിഎഫിന് കത്ത് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ന് ഇടതുമുന്നണി യോഗം വിളിച്ചത്. മുഖ്യമന്ത്രി തന്റെ അന്തിമതീരുമാനം യോഗത്തിൽ വ്യക്തമാക്കിയതോടെ മന്ത്രിസഭാ പുനഃസംഘടന തെരഞ്ഞെടുപ്പിന് നവകേരള സദസിന് ശേഷമേ നടക്കൂവെന്ന് ഉറപ്പായി.






