
ആലപ്പുഴ: ജനതാദളി(എസ്) ലെ ദേവഗൗഡ വിരുദ്ധരുടെ യോഗം 15-നു വിളിച്ച് പാര്‍ട്ടി ദേശീയ െവെസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ സി.കെ. നാണു. ദേശീയ പ്ലീനറി സമ്മേളനം വിളിച്ചുകൂട്ടി ദേശീയ അധ്യക്ഷന്‍ ദേവഗൗഡയെ പുറത്താക്കാനുള്ള ചരടുവലികള്ക്കാണ് നീക്കം.
ഔദ്യോഗികപക്ഷത്തിനെതിരെയുള്ള ഈ വിമതയോഗത്തില്‍ പങ്കെടുത്താല്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും മാത്യു. ടി. തോമസിനും കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമസഭാ അംഗത്വത്തിന് അയോഗ്യത കല്‍പ്പിക്കപ്പെടും. അയോഗ്യത ഒഴിവാക്കാന്‍ ഇവര്‍ക്കു ഗൗഡപക്ഷത്ത് നില്ക്കേണ്ടിവന്നാല്, സി.പി.എം. നേതൃത്വം വെട്ടിലാകും.
ദേശീയ നേതൃത്വം എന്‍.ഡി.എ. പക്ഷത്തേക്കു നീങ്ങിയതിനെ മാത്യു. ടി. തോമസ് ഉള്‍പ്പെടെയുള്ള കേരളനേതാക്കള്‍ ശക്തമായി എതിര്‍ക്കുകയാണ്. കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പം നില്ക്കുന്ന ഇവര്‍ക്ക് എന്‍.ഡി.എയുമായുള്ള ചങ്ങാത്തം ഒരുവിധത്തിലും അംഗീകരിക്കാനാവില്ല. അപ്പോഴും, കൂറുമാറ്റം ഭയക്കുന്നതിനാല്‍ ഗൗഡയെ ദേശീയ അധ്യക്ഷനായി അംഗീകരിക്കേണ്ട ഗതികേടിലുമാണിവര്. അങ്ങനെവന്നാല്‍, വിമതശബ്ദം ഉയര്‍ത്തുന്ന നാണുവിനെ തഴഞ്ഞ് മാത്യു. ടി. തോമസ് വിഭാഗത്തെ കൂടെ നിര്‍ത്താന്‍ സി.പി.എമ്മിനുമാവില്ല.
അല്ലെങ്കില്‍ ബി.ജെ.പി വിരുദ്ധ നിലപാട് പൊള്ളയാണെന്ന പ്രതിപക്ഷ ആരോപണം ശക്തമാകും. അത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്നും സി.പി.എം ഭയക്കുന്നു. അതുകൊണ്ടുതന്നെ, മന്ത്രി കെ.കൃഷ്ണന്‍കുട്ടിയോടും മാത്യു.ടി. തോമസിനോടും നിയമസഭാംഗത്വം രാജിവച്ച് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ സി.പി.എം നിര്‍ദേശിക്കാനും സാധ്യതയേറെയാണ്.
ഇത്തരമൊരു നിര്‍ദേശം സി.പി.എം. സംസ്ഥാന കമ്മിറ്റി യോഗത്തിലും ഉയര്‍ന്നതായാണ് സൂചന. കര്‍ണാടകത്തില്‍ നിന്നുള്ള നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സി.എം. ഇബ്രാഹിം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍ 15-നു നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ഈ യോഗം ദേശീയ പ്ലീനറി സമ്മേളനം വിളിച്ചുകൂട്ടുന്നതിന് അനുവാദം നല്‍കുമെന്നാണ് ഇവരുമായി ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നത്.
ദേശീയ പ്ലീനറി സമ്മേളനത്തില്‍ നിലവിലെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ദേവഗൗഡയെ പുറത്താക്കി പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് നീക്കം.






