
തിരുവനന്തപുരം: വിലക്കയറ്റത്തിനിടെ ആശ്വാസമായിരുന്ന സപ്െളെകോയും ഇനി പൊള്ളും. സബ്സിഡി സാധനങ്ങളുടെ വില കൂട്ടാന്‍ ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് യോഗം സര്‍ക്കാരിന് അനുമതി നല്കി. സബ്സിഡിയുള്ള 13 ഇനങ്ങളുടെ വിലയാണ് കൂടുക. തീരുമാനം എടുക്കാന്‍ ഭക്ഷ്യ മന്ത്രിയെ എല്‍.ഡി.എഫ് യോഗം ചുമതലപ്പെടുത്തി.
ഏഴു വര്‍ഷത്തിന് ശേഷമാണ് സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നതെന്നാണ് സര്‍ക്കാര്‍ ന്യായീകരണം. നിലവില്‍ സബ്സിഡി സാധനങ്ങള്‍ സെപ്ലെക്കോയില് കിട്ടാനില്ലായിരുന്നു. വിപണിയില്‍ ഇടപെട്ടതിന്റെ പേരില്‍ സപ്െളെകോയ്ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക 1525 കോടിയാണ്. ഒന്നുകില്‍ കുടിശിക നല്‍കുക അല്ലെങ്കില്‍ വില കൂട്ടുകയെന്നതാണ് സപ്െളെകോ മുന്നോട്ട് വെച്ച ആവശ്യം.
ഇതേത്തുടര്‍ന്ന് വില കൂട്ടണം എന്ന നിലപാടായിരുന്നുസപ്െളെക്കോയ്ക്കും. പ്രതിസന്ധി പരിഹരിക്കണമെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെയും നിലപാട്. ഇതോടെ സെപ്ലെക്കോയും പൊതുവിപണിയും തമ്മിലുള്ള വിലയന്തരം ഇല്ലാതാവുന്ന സ്ഥിതിയായി. അതേസമയം സപ്ളൈകോയില്‍ സബ്സീഡി നിരക്കില്‍ വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില നവകേരള സദസ്സിന് ശേഷമേ വര്‍ദ്ധിപ്പിക്കൂ എന്നാണ് സൂചന.
വില വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണയായെങ്കിലും നവകേരള സദസ്സിനുശേഷം മാത്രമേ ഇത് നടപ്പാക്കാവൂ എന്ന് ധാരണയില്‍ എത്തിയിട്ടുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളില്‍ നവകേരളസദസ്സ് സംഘടിപ്പിക്കുന്ന ഘട്ടത്തില്‍ അവശ്യസാധനങ്ങളുടെ വിലകൂട്ടുന്നത് ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്‍. അതിനാലാണ് വിലവര്‍ധന കുറച്ചുദിവസത്തേക്ക് നീട്ടിയത്. പുതിയ വിലയും അത് വര്‍ധിപ്പിക്കേണ്ട സമയവും സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ മന്ത്രി ജി ആര് അനിലിനെ ചുമതലപ്പെടുത്തി.
വില കൂട്ടലല്ല സബ്സിഡി പരിഷ്കരണമാണ് നടപ്പിലാക്കുന്നതെന്നാണ് മന്ത്രി പറയുന്നത്. സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്നതിലൂടെ പ്രതിമാസം 50 കോടിയുടെ അധിക ബാധ്യത സഹിക്കേണ്ടി വരുന്ന സപ്ലൈകോയെ രക്ഷിക്കാന്‍ മറ്റ് മാര്‍ഗ്ഗം ഇല്ലെന്നാണ് ഭക്ഷ്യ മന്ത്രിയുടെ വിശദീകരണം. സബ്സിഡി സാധനങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സപ്ലൈകോ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.






