
പലസ്തീൻ പ്രശ്നത്തിൽ അമേരിക്കയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി . അമേരിക്കയാണ് ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിലെ ഇന്ത്യയുടെ നയം മാറ്റത്തെ കുറിച്ച് ആർഎസ്എസിനെയും ബിജെപിയെയും ഒപ്പം മുൻ യുപിഎ സർക്കാരുകളെയും കുറ്റപ്പെടുത്തിയാണ് അദ്ദേഹം സംസാരിച്ചത്. കോഴിക്കോട് സിപിഎം റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് സംസാരിച്ചത്. ഇന്ത്യ സ്വാതന്ത്ര്യ സമരം നടക്കുന്ന ഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷവും പലസ്തീൻ നിലപാടിന് ഒപ്പമായിരുന്നു. ചേരി ചേരാനയത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധമായിരുന്നു. അന്ന് ഇന്ത്യയുടെ ശബ്ദം എല്ലാവരും ശ്രദ്ധിച്ചിരുന്നു. വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് നമുക്ക് ഉണ്ടായിരുന്നു. നെഹ്റുവിന്റെ നയം ഏറെക്കാലം നമ്മൾ തുടർന്ന് വന്നു. പാലസ്തീനെ മാത്രമേ നമ്മൾ അംഗീകരിച്ചുള്ളൂ.
അമേരിക്കയുടെ സഖ്യരാഷ്ട്രമായി ബിജെപി ഇന്ത്യയെ മാറ്റി. രാജ്യത്ത് വലിയ സ്വാധീനം ഉണ്ടെന്ന് പറയുന്ന രാഷ്ടീയ പാർട്ടിയുടെ സ്വരം കേരളത്തിൽ തന്നെ വ്യത്യസ്തമായി കേൾക്കുന്നുവെന്ന് കോൺഗ്രസിനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമർശിച്ചു. കോഴിക്കോട് തന്നെ നടന്ന പരിപാടിയിൽ വ്യത്യസ്ത ശബ്ദം കേട്ടുവെന്നും അത് പ്രത്യയശാസ്ത്രപരമായതെന്നും അദ്ദേഹം വിമർശിച്ചു. തെറ്റായ രീതി രാജ്യത്ത് ചിലർ സ്വീകരിക്കുന്നുണ്ട്. അത് രാജ്യത്തിനു അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ ജനങ്ങൾ പലസ്തീനൊപ്പമാണ്. ചിലർ അത്തരം നിലപാടല്ല എടുക്കുന്നത്. ഇത്തരം ഐക്യദാർഢ്യ പരിപാടികൾ അവരെ തിരുത്താൻ കൂടി ഉപകരിക്കും. ഐക്യരാഷ്ട്ര സഭയിൽ വോട്ടെടുപ്പിൽ നിന്ന് രാജ്യം വിട്ടു നിന്നതിലൂടെ ലോകത്തിന് മുന്നിൽ രാജ്യം അപമാനിതമായി. കൃത്യമായ സയോണിസ്റ്റ് പക്ഷപാതമാണിതെന്നും അദ്ദേഹം വിമർശിച്ചു.
ചിലർ സിപിഎം പലസ്തീൻ റാലിയിലേക്ക് വിളിച്ചാൽ വരുമെന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞതുകൊണ്ടാണ് ക്ഷണിച്ചത്. എന്നാൽ അവർ വരില്ലെന്ന് അറിയാമായിരുന്നു. എന്നും പലസ്തീന് ഒപ്പമാണ് സി പി എം. ഇതിൽ നിലപാട് സ്വീകരിക്കാൻ പറ്റാത്ത ചിലരുണ്ട്. ആരുടെയും പേരെടുത്തു പറയുന്നില്ല. എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാം. നീതിയും അനീതിയും ഏറ്റുമുട്ടുമ്പോൾ ഇടതുപക്ഷത്തിനു നിഷ്പക്ഷ നിലപാടില്ല. നമ്മളെന്നും പലസ്തീനൊപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.






