
കഴിഞ്ഞ കുറച്ചു നാളുകളായി തിമിംഗലങ്ങളുടെ ആക്രമണങ്ങളെ സംബന്ധിക്കുന്ന നിരവധി ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സമാനമായ ഒരു വാര്‍ത്തയാണ് നെറ്റീസണ്‍സിനിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. മൊറോക്കോ തീരത്ത് പോളിഷ് ക്രൂയിസ് കമ്പനിയായ മോര്‍സ്കി മൈലിന്റെ ഉടമസ്ഥതയിലുള്ള ഗ്രേസി മമ്മ എന്ന യാച്ചിന് നേരെ നടന്ന കൊലയാളി തിമിംഗലങ്ങളുടെ ആക്രമണത്തെ സംബന്ധിക്കുന്ന വാര്‍ത്തയാണിത്. ഏതാണ്ട് മുക്കാല്‍ മണിക്കൂറോളമാണ് ഇവ യാത്രക്കാരെ വേട്ടയാടിയത്. എന്നാല്‍ യാച്ചിലെ യാത്രക്കാര്‍ അത്ഭുതകരമായ രക്ഷപ്പെട്ടു. പ്രദേശത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കൊലയാളി തിമിംഗലങ്ങള്‍ നടത്തുന്ന നാലാമത്തെ ആക്രമണമാണിത്.
വിനോദ സഞ്ചാരികളുമായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു ആക്രമണമെങ്കിലും നേരത്തെ തീരുമാനിച്ച വിനോദയാത്രകള്‍ ആസുത്രണം ചെയ്തത് പോലെ നടക്കുമെന്ന് കമ്പനി അറിയിപ്പില്‍ പറയുന്നു. പോളണ്ടിലെ വാര്‍സോ ആസ്ഥാനമായുള്ള ടൂര്‍ ഏജന്‍സിയായ മോര്‍സ്കി മൈല്‍, ഓര്‍ക്കാ തിമിംഗലങ്ങളുടെ ആക്രമണം ബോട്ടിന് സാരമായ കേടുപാടുകള്‍ വരുത്തിയതായി തങ്ങളുടെ ഫേസ് ബുക്കില്‍ കുറിച്ചു. ഗ്രേസി മമ്മ എന്ന നൗക ഏറെ കാലമായി നിരവധി സമുദ്രസഞ്ചാരങ്ങള്‍ നടത്തിയിരുന്ന ഒന്നായിരുന്നു. കമ്പനിയുടെ തന്നെ വാക്കുകളില്‍ 'നൗക ദീര്‍ഘകാല സൗഹൃദങ്ങള്‍ രൂപപ്പെടാന്‍ കാരണമായിരുന്നെന്നും യൂറോപ്പിലും അറ്റ്ലാന്റിക് ദ്വീപ് സമൂഹങ്ങളിലും സഞ്ചാരികളുമായി പോയിരുന്ന നൗക നിരവധി പേരെ കപ്പലോട്ടാന്‍ പഠിപ്പിച്ചിരുന്നെന്നും മനോഹരവും അജ്ഞാതവുമായ പലതും കണ്ടെത്താനും സഹായിച്ചെന്നും കുറിച്ചു.
എന്നാല്‍ യാത്രക്കാരെല്ലാം സുരക്ഷിത താരണെങ്കിലും ഗ്രേസി മമ്മയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും നൗക കടലില്‍ മുങ്ങിയെന്നുമുള്ള കമ്പനിയുടെ ഫേസ് ബുക്കിലെ കുറിപ്പ് ഗ്രേസി മമ്മ നൗകയില്‍ യാത്ര ചെയ്തവരെ പഴയ ഓര്‍മ്മയിലേക്ക് കൊണ്ട് പോയി. കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേരാണ് തങ്ങളുടെ അനുഭവം പങ്കുവയ്ക്കാനായി കുറിപ്പിന് താഴെയെത്തിയത്. ഗ്രേസി മമ്മയ്ക്കുണ്ടായ അപകടം പലരെയും വ്യക്തപരമായി വേദനിപ്പിച്ചു. നിരവധി പേര് യാത്രയ്ക്കിടെയുണ്ടായ മനോഹരമായ നിമിഷങ്ങള്‍ പങ്കുവച്ചു. 'അവിശ്വസനീയമാണ്. ആറ് മാസം മുമ്പ് ഞങ്ങള്‍ സിസിലി മാള്‍ട്ട കപ്പലില്‍ ഈ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു, അതാണ് ഇപ്പോള്‍ സംഭവിച്ചത്. അവള് എന്നും എന്റെ ഓര്‍മ്മയില്‍ നിലനില്ക്കും.' ഒരാള്‍ കുറിച്ചു.






