
തെക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ വിബിംള്‍ഡണില്‍ ഒരു വീട് വില്‍പ്പനയ്ക്കിട്ട വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. കാരണം 6,95,000 പൗണ്ടിന്( 7 കോടി രൂപ) ആണ് വീട് വില്പ്പനയ്ക്കിട്ടിരിക്കുന്നത്. എന്നാല്‍ ഇതിലെ വിചിത്ര കാര്യം ഇതൊന്നുമല്ലായിരുന്നു. എന്തെന്നാല്‍ മേല്‍ക്കൂര നിറയെ ദ്വാരങ്ങള്‍ ഉള്ളതും കേടുപടുകള്‍ സംഭവിച്ചതുമായ വീടാണ് ഇത്.
മൂന്ന് കിടപ്പുമുറികളാണ് വീടിനുള്ളത്. എന്നാല്‍ വീടിന്റെ മുകളിലത്തെ നിലയിലെ കുളിമുറിയില്‍ ഒരു ദ്വാരവും മേല്‍ക്കൂരയില്‍ മറ്റു ചിലയിടങ്ങളില്‍ കോണ്‍ക്രീറ്റ് പാളികള്‍ ഇളകിയ അവസ്ഥയിലുമാണ്. വീട് വില്പനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്ന ഏജന്റ് പറയുന്നത് പ്രകാരം ഈ പ്രദേശത്ത് മൂന്ന് മുറികളോടുകൂടിയ കേടുപാടുകള്‍ ഒന്നും സംഭവിക്കാത്ത ഇരുനില വീടിന് £1 മില്യണിലധികം വിലയുണ്ട്. അതായത് 10 കോടിയിലധികം. സ്വന്തമായി ഒരു വീട് പൂര്‍ത്തീകരിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പൂര്‍ണ്ണവും എന്നാല്‍ ശൂന്യവുമായ ക്യാന്‍വാസ് സ്വന്തമാക്കാനുള്ള അവസരമായാണ് വില്പനയ്ക്കായുള്ള പരസ്യത്തില്‍ വസ്തുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
വീടിനെ സമ്പൂര്‍ണ്ണമായും നവീകരിച്ച് എടുക്കേണ്ടതുണ്ടെന്ന് പരസ്യത്തില്‍ പ്രത്യേകം പറയുന്നു. എന്നാല്‍ ഇതിന് ലോണ്‍ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ മുഴുവന്‍ തുകയും ഒന്നിച്ച് നല്‍കുന്നവര്‍ക്ക് മാത്രമാണ് വീട് വില്‍ക്കുകയുള്ളൂ എന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം വില്പന സൈറ്റില്‍ നല്‍കിയിരിക്കുന്ന വീടിന്റെ ചിത്രങ്ങള്‍ വീടിന്റെ ശോചനീയാവസ്ഥ എടുത്ത് കാണിക്കുന്നതാണ്. പല ഭാഗങ്ങളിലും പൊട്ടി പൊളിഞ്ഞു കിടക്കുന്നതായും തറയിലും ഭിത്തികളിലും പച്ചപ്പായല് മൂടിയിരിക്കുന്നതായും കാണാം.
വീടിന്റെ ശോചനാവസ്ഥ മറച്ചുവയ്ക്കാതെ സത്യസന്ധമായിട്ടാണ് വീട് വില്പ്പനയ്ക്കിട്ടതെന്നാണ് വില്പ്പനക്കാരന് പറയുന്നത്. വീടിന് ഇത്രയേറെ കേടുപാടുകള്‍ ഉണ്ടെങ്കിലും ലണ്ടനില്‍ വീടുകളുടെ വില കുതിച്ചുയരുന്നതിനാല്‍ ആവശ്യക്കാര്‍ ധാരാളമുണ്ടാകുമെന്നാണ് വില്‍പ്പനക്കാരുടെ പ്രതീക്ഷ. വിംബിള്‍ഡണില്‍ ശരാശരി ഒരു ചെറിയ വീടിന്റെ ശരാശരി വില ഇപ്പോള്‍ £536,000 (5,45,75,520 രൂപ) ആണ്. ഹാലിഫാക്സിന്റെ വീട് വില്പന വിലയില്‍ കഴിഞ്ഞ വര്‍ഷം 4.8 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ആദ്യമായി ഒക്ടോബറില്‍ വീടുകളുടെ വില വീണ്ടും ഉയര്‍ന്നു. വരും വര്‍ഷങ്ങളില്‍ വില ഇടിയുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്.






