
തിരുവനന്തപുരം: ഐ.എ.എസുകാരെ സര്‍ക്കാര്‍ തോന്നുംപടി സ്ഥലംമാറ്റുന്നതിനു കര്‍ശന നിയന്ത്രണം വരുന്നു. സ്ഥലംമാറ്റുന്നതിനു മുമ്പ് സംസ്ഥാന സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ ശിപാര്‍ശ തേടണമെന്നു കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. ഐ.എ.എസ്. അസോസിയേഷന്റെ പരാതിയിലാണു ട്രിബ്യൂണല്‍ ഉത്തരവ്. കേരളാ കേഡറിലുള്ള രണ്ട് ഉദ്യോഗസ്ഥരും ഹര്‍ജിയില്‍ കക്ഷികളാണ്.
അഖിലേന്ത്യാ ഐ.എ.എസ്. ചട്ടപ്രകാരം സംസ്ഥാന സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ ശിപാര്‍ശ കൂടാതെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും സ്ഥലംമാറ്റുന്നതുമാണു ട്രിബ്യൂണല്‍ തടഞ്ഞത്. ഐ.എ.എസ്. കേഡര്‍ ചട്ടഭേദഗതി (2014) പ്രകാരം, നിയമനങ്ങളും നിയമിക്കപ്പെട്ട് രണ്ടുവര്ഷത്തിനകമുള്ള സ്ഥലംമാറ്റങ്ങളും സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ പരിഗണനയ്ക്കു വിടാനാണു നിര്‍ദേശം.
ചീഫ് സെക്രട്ടറിയും സംസ്ഥാനത്തെ രണ്ടാമത്തെ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനും പഴ്സണല്‍-ഭരണപരിഷ്കാര സെക്രട്ടറിയും ഉള്‍പ്പെടുന്നതാണു ബോര്‍ഡ്. ഹര്‍ജിയില്‍ സര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചശേഷം വാദം തുടരും.
എക്സൈസ്, കില, ഐ.എം.ജി.മേധാവികള്‍ തെറിച്ചേക്കും
ഐ.എ.എസ്. കേഡര്‍ തസ്തികകളില്‍ നിയമിക്കപ്പെട്ട ഐ.എം.ജി. ഡയറക്ടറും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍, എക്സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ്, കില ഡയറക്ടര്‍ ഡോ. ജോയി ഇളമണ്‍ എന്നിവര്‍ക്കു ട്രിബ്യൂണല്‍ നോട്ടീസ് അയയ്ക്കും. ഇവരുടെ ചട്ടവിരുദ്ധനിയമനം റദ്ദാക്കണമെന്നാണ് ഐ.എ.എസ്. അസോസിയേഷന്റെ ആവശ്യം.
ട്രിബ്യൂണലിലെ ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുനില്‍ തോമസ്, അഡ്മിനിസ്ട്രേറ്റീവ് അംഗം കെ.ഇ. ഈപ്പന് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. അസോസിയേഷന് അനുകൂലമായ ഉത്തരവുണ്ടായാല്‍ ജയകുമാര്‍, മഹിപാല്‍, ജോയ് എന്നിവര്‍ക്കു പകരം ഐ.എ.എസ്. ഉദ്യോഗസ്ഥരെത്തന്നെ സര്‍ക്കാര്‍ നിയമിക്കേണ്ടിവരും. ഐ.എ.എസ്. അസോസിയേഷനുവേണ്ടി അഡ്വ. ഗിരിജാ ഗോപാല്‍ ഹാജരായി.






