
പോലീസ് ട്രാഫിക് നിയമ ലംഘനത്തിന്റെ പേരിൽ പിടികൂടിയ നടൻ വിനായകന്റെ സഹോദരൻ വിക്രമന്റെ ഓട്ടോറിക്ഷ വിട്ടുനൽകാൻ കോടതി ഉത്തരവായി.
വാഹനം കേസ് കഴിയുംവരെ വില്‍ക്കരുതെന്നും ആവശ്യപ്പെട്ടാല്‍ കോടതി സമക്ഷം ഹാജരാക്കണം എന്നുമുള്ള ഉപാധിയോടെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. വാഹനം എറണാകുളം സിറ്റി ട്രാഫിക് പൊലീസ് വെസ്റ്റ് സ്റ്റേഷനില്‍ നിന്നും നാളെ വൈകിട്ട് 4 ന് ഇറക്കുമെന്ന് വിക്രമൻ പറഞ്ഞു. എംജി റോഡിൽ നോ പാർക്കിംഗ് സ്ഥലത്ത് ഓട്ടോ നിർത്തിയിട്ടെന്ന് ആരോപിച്ചായിരുന്നു ട്രാഫിക് പോലീസ് വാഹനം 15 ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തത്.
വിനായകന്റെ സഹോദരൻ വിക്രമനെതിരെ വല്ലാർപാടം ഹാൾട്ടിങ് സ്റ്റേഷൻ പെർമിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തിൽ സർവീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മോട്ടോർ വാഹന നിയമം 192 എ (1) വകുപ്പും, ഐപിസി 283ാം വകുപ്പും ചുമത്തിയാണ് എഫ്ഐആർ.






