
അഹമ്മദാബാദ്: അഗ്നിയെ വലംവയ്ക്കുന്നതുൾപ്പെടെയുള്ള ആചാരചടങ്ങുകൾ ഇല്ലാതെ രജിസ്‌ട്രേഷൻ മാത്രം കൊണ്ട് ഹിന്ദു വിവാഹം സാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. വിവാഹമെന്നത് വെറും പാട്ടും നൃത്തവും മാത്രമല്ലെന്നും കോടതി നിരീക്ഷിച്ചു.
വ്യത്യസ്ത പ്രദേശങ്ങളിലെയും സംസ്‌കാരങ്ങളിലെയും ആചാരങ്ങൾ വ്യത്യാസപ്പെട്ടേക്കാമെങ്കിലും, ചടങ്ങുകൾ വ്യക്തിയുടെ ആത്മീയ ശുദ്ധീകരണത്തിനും വിവാഹബന്ധത്തിന് സാമൂഹികവും നിയമപരവുമായ അംഗീകാരത്തിനും നിർണായകമാണെന്ന് ജസ്റ്റിസുമാരായ ഇലേഷ് വോറ, ആർ.ടി. വച്ചാനി എന്നിവർ അഭിപ്രായപ്പെട്ടു. അഗ്നിയെ ഏഴു പ്രാവശ്യം വലംവയ്ക്കുന്ന ചടങ്ങ് വിവാഹത്തിന് നിയമപരമായ സാധുത നൽകുന്ന പ്രധാന ആചാരങ്ങളിലൊന്നാണെന്നും കോടതി പറഞ്ഞു.
വിവാഹം അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൗശൽ സൊനാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. തന്റെ ആവശ്യം നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി. യുകെയിൽ താമസിക്കുന്ന താനും അഹമ്മദാബാദിൽ നിന്നുള്ള യുവതിയും തമ്മിൽ വിവാഹബന്ധമില്ലെന്നും വിവാഹ സർട്ടിഫിക്കറ്റിലെ ഒപ്പ് വ്യാജമാണെന്നും സൊനാർ ആരോപിച്ചിരുന്നു.
എന്നാൽ, ആചാരപരമായ ചടങ്ങുകളോടെ നടക്കുന്ന വിവാഹത്തിനേ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 പ്രകാരം സാധുതയുള്ളൂവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരം ചടങ്ങുകൾ കേസിൽ നടന്നിട്ടില്ലെന്നും ഭാര്യാ-ഭർത്തൃ ബന്ധമായി ജീവിച്ചിട്ടില്ലെന്ന് യുവതി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കുടുംബ കോടതി തീരുമാനത്തിൽ പിഴവുണ്ടായെന്നും ഹൈക്കോടതി വിമർശിച്ചു.
വിവാഹം ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്നും അതിന്റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. “പാട്ടും നൃത്തവും മാത്രം വിവാഹമല്ല; ഭക്ഷണവും ആഘോഷവും മാത്രമല്ല അത്. ഒരു പുരുഷനും സ്ത്രീയും വിശുദ്ധമായ ബന്ധത്തിലേക്ക് പ്രവേശിക്കുന്ന ചടങ്ങാണ് വിവാഹം,” എന്നും കോടതി പറഞ്ഞു.






