
തൃശൂര്‍: ഏഴു മാസം മുമ്പു തിരുവില്വാമലയില്‍ ആദിത്യശ്രീ എന്ന എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. മൊെബെല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ല കുട്ടി മരിച്ചതെന്നും സ്ഫോടകവസ്തു കടിച്ചതാകാം മരണകാരണമെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട്.
പറമ്പില്‍നിന്നു ലഭിച്ച പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നു നിഗമനം. മൃതദേഹത്തിലും കിടക്കയിലും തലയണയിലും പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.
പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും മകള്‍ ആദിത്യശ്രീ ഏപ്രില്‍ 24ന് രാത്രി പത്തരയോടെയാണു മരിച്ചത്. വിഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് കുട്ടി മരിച്ചെന്നായിരുന്നു വിവരം. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ െലെഫ് സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പോലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. കുടുംബാംഗങ്ങളുടെമൊഴി വീണ്ടും രേഖപ്പെടുത്തി. കുട്ടിക്ക് പന്നിപ്പടക്കം എങ്ങനെ ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.
രാത്രിയില്‍ സ്ഫോടന ശബ്ദം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴാണ് അപകടാവസ്ഥയില്‍ ആദിത്യശ്രീയെ കണ്ടത്. രണ്ടുവര്‍ഷം മുന്‍പ് ഫോണിന്റെ ബാറ്ററിക്കു തകരാറുണ്ടായപ്പോള്‍ മാറ്റിയിരുന്നെന്നു ആദിത്യശ്രീയുടെ പിതാവ് പറഞ്ഞിരുന്നു.
ബാറ്ററി അതിയായ മര്‍ദത്തോടെ പൊട്ടിത്തെറിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. തലയ്ക്കേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവുമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.






