
കൊച്ചി: ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ചു രാസലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികള്‍ പിടിയില്‍. ഓച്ചിറ വലിയകുളങ്ങര പള്ളിമുക്ക് റിജു ഇബ്രാഹിംകുട്ടി (41), കുറുവിലങ്ങാട് ലസ്രത്ത് കരിങ്കുളം ഡിനോ ബാബു (32), തലശേരി ധര്‍മ്മടം സ്വദേശിനി മൃദുല (38) എന്നിവര്‍ കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍നിന്നാണു പിടിയിലായത്. ഇവരില്‍നിന്നു 19 ഗ്രാം എം.ഡി.എം.എ., 4.5 ഗ്രാം ഹഷീഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൗത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഡിജോയും റിജുവും ചേര്‍ന്നു റിക്രൂട്ട്മെന്റ് ഏജന്‍സി നടത്തുകയും അതില്‍ നാലര കോടിയോളം രൂപ നഷ്ടം സംഭവിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
തുടര്‍ന്നാണ് ഇവര്‍ ലഹരിവില്പനയിലേക്കു കടന്നത്. സ്ത്രീകളെ മുന്‍നിര്‍ത്തി മയക്കുമരുന്നു കടത്തിക്കൊണ്ടുവന്ന് ആഡംബര ഹോട്ടലുകളില്‍ താമസിച്ച് ആവശ്യക്കാര്‍ക്കു വില്പന നടത്തുന്നതാണു സംഘത്തിന്റെ രീതി. പ്രതികളുടെ പക്കല്‍നിന്നു മയക്കുമരുന്നു തൂക്കി വില്പന നടത്താനുള്ള ഇലക്ട്രോണിക് ഡിജിറ്റല്‍ വെയിങ് മെഷീന് കണ്ടെടുത്തു.ഒന്നാം പ്രതി റിജു ഇപ്പോള്‍ കോതമംഗലം പിണ്ടിമനയിലാണു താമസം.
മുമ്പും മയക്കുമരുന്നു കേസില്‍ ഇയാളെ കടവന്ത്ര പോലീസ് പിടികൂടിയിരുന്നു. തൃക്കാക്കര സ്റ്റേഷനില്‍ മയക്കുമരുന്നു കേസും, സെന്‍ട്രല്‍, മുവാറ്റുപുഴ, കോതമംഗലം, കോഴഞ്ചേരി, കഞ്ഞിക്കുഴി, ചങ്ങനാശേരി, പേട്ട, പുത്തൂര്‍ സ്റ്റേഷനുകളില്‍ നിരവധി വഞ്ചനാകേസുകളും നിലവിലുണ്ട്. റിമാന്‍ഡ് കഴിഞ്ഞു പുറത്തിറങ്ങിയതാണ് റിജു. രണ്ടാം പ്രതി ഡിനോ ബാബുവിനു മരട് സ്റ്റേഷനില്‍ മയക്കുമരുന്നു കേസും മുവാറ്റുപുഴ, കോതമംഗലം സ്റ്റേഷനിലും വഞ്ചനാ കേസുകളുമുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.






