ഹൈദരാബാദ്: തെലുങ്ക് നടി വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോണ്‍ഗ്രസിലെത്തി. ശനിയാഴ്ച കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച വിജയശാന്തിയെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പാര്‍ട്ടിയുടെ മുഖ്യ കോര്‍ഡിനേറ്ററായി നിയമിക്കുകയും ചെയ്തു.
ഹൈദരാബാദില്‍ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ സാന്നിധ്യത്തിലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുന്‍പ് ബിജെപിയില്‍ ആയിരുന്ന വിജയശാന്തി എം.പിയുമായിരുന്നു.
തെന്നിന്ത്യയിലെ തിരക്കേറിയ താരമായിരുന്ന വിജയശാന്തി 1997ലാണ് ബിജെപിയില്‍ ചേര്‍ന്നത്. പിന്നീട് തെലങ്കാന രാഷ്ട്രീയ സമിതിയില്‍ ചേര്‍ന്നു തെലങ്കാന സംസ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ പങ്കാളിയായി. 2009ല്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന വിജയശാന്തി വീണ്ടും ബിജെപിയിലേക്ക് ചേക്കേറിയിരുന്നു.
നവംബര്‍ 30നാണ് തെലങ്കാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം അടക്കം നൂറുകണക്കിന് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വിജയശാന്തിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.






