
പോലീസ് കോണ്‍സ്റ്റബിള്‍ ക്യാമ്പിലെ ലൈബ്രറിയില്‍ തൂങ്ങി മരിച്ചനിലയില്‍ . വോര്‍ലിയിലെ ക്യാമ്പിലാണ് ഇന്ദ്രജീത്ത് എന്ന ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഇന്ദ്രജീത്ത് പെണ് സുഹൃത്തുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ഏപ്രില്‍ മാസം മുതല്‍ ഇന്ദ്രജീത്തും 23കാരിയും തമ്മില്‍ സൗഹൃത്തിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വോര്ലിക്ക് സമീപത്തെ ബുദ്ധ ഗാര്‍ഡനില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു. ഇവിടെ വച്ചാണ് മറ്റൊരു സ്ത്രീയുമായി ഇന്ദ്രജീത്ത് ഇന്‍സ്റ്റാഗ്രാമില്‍ ചാറ്റ് ചെയ്യുന്നത് പെണ്‍കുട്ടി കണ്ടെത്തിയത്. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതെന്ന് പോലീസ് പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ ഇന്ദ്രജീത്ത് ക്യാമ്പിലേക്ക് മടങ്ങി. എന്നാല്‍ പിന്നീട് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് പെണ്‍സുഹൃത്ത് ബ്ലോക്ക് ചെയ്തതായി കണ്ടെത്തിയത്. നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് ഇന്ദ്രജീത്ത് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും പോലീസ് വ്യക്തമാക്കി.
ഇദ്ദേഹം ലൈബ്രറിയുടെ ജനലില്‍ കയര്‍ കെട്ടിയാണ് തൂങ്ങി മരിച്ചത്. മരിക്കുന്നതിന് മുന്‍പ് കാമുകിയുടെ സുഹൃത്തിന് ജനലില്‍ തൂങ്ങാൻ ശ്രമിക്കുന്ന ചിത്രം അയച്ചുകൊടുക്കുകയും താന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന സന്ദേശമയക്കുകയും ചെയ്തിരുന്നു . സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു .






