ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാത്രി നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നു. 18കാരനെ കുത്തിക്കൊലപ്പെടുത്തിയ കൗമാരക്കാരന് മൃതദേഹത്തിന് സമീപം നിന്ന് നൃത്തം ചെയ്യുകയാണ്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ വെല്‍കം മേഖലയിലുള്ള ജനത മസ്ദൂറിലാണ് സംഭവം. 350 രൂപയ്ക്കു വേണ്ടിയാണ് കൊലപാതകം നടന്നത്.
18കാരനെ പല തവണ കുത്തുന്നതായി സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. 60 തവണ കുത്തേറ്റുവെന്നാണ് പോലീസ് പറയുന്നത്. മോഷണം മാത്രമായിരുന്നു കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്ന് പോലീസ് പറയുന്നു. 16കാരനായ അക്രമി ആദ്യം ഇരയെ ശ്വാസംമുട്ടിച്ച് ബോധരഹിതനാക്കി. തുടര്‍ന്നാണ് കുത്തിയതെന്ന് പോലീസ് പറയുന്നു.
അക്രമിയും കൊല്ലപ്പെട്ടയാളും തമ്മില്‍ മുന്‍പ് ഒരു പരിചയവുമില്ല. മോഷണത്തിനു വേണ്ടി മാത്രമായിരുന്നു കൊലപാതകം. ബോധരഹിതനാക്കിയ ശേഷം ഇരയെ പ്രതി ഇടുങ്ങിയ ഒരു ഇടത്തേക്ക് വലിച്ചുകൊണ്ടുപോകുകയും കഴുത്തില്‍ തുടര്‍ച്ചയായി കുത്തുകയുമായിരുന്നു. പല തവണ തലയില്‍ തൊഴിച്ചു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹത്തിന് സമീപം നിന്ന് നൃത്തം ചെയ്യുകയായിരുന്നു.
യുവാവ് മാരകമായി പരിക്കേറ്റ് കിടക്കുന്നത് കണ്ട ആളുകളാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമിയെ തിരിച്ചറിഞ്ഞ പോലീസ് അയാളെ അറസ്റ്റു ചെയ്തു. ഇരയില്‍ നിന്ന് 350 രൂപ മോഷ്ടിച്ചുവെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.






