
രസതന്ത്രം പഠിച്ച് ബിരുദാനന്തര ബിരുദവും നേടി അധ്യാപികയോ കോളജ് പ്രഫസറോ ആയേക്കുമായിരുന്ന ഫാത്തിമ ബീവിയെ ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജിയാക്കിയത് അവരുടെ പിതാവിന്റെ തീരുമാനമായിരുന്നു. എട്ടു സഹോദരങ്ങളില്‍ ഏറ്റവും മൂത്തയാളായിരുന്നു ഫാത്തിമ ബീവി. മിടുക്കിയും ബുദ്ധിമതിയുമായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന പിതാവ് മീരാസാഹിബ് ആണ്, പെണ് വ്യത്യാസമില്ലാതെ തനിക്കുള്ള കുട്ടികള്‍ക്കെല്ലാം നല്ല വിദ്യാഭ്യാസം നല്കുന്നതില് ബദ്ധശ്രദ്ധനായിരുന്നു.
ഫാത്തിമബീവിയുടെ പ്രാഥമിക വിദ്യാഭ്യാസം പത്തനംതിട്ട കാതോലിക്കറ്റ് ഹൈസ്കൂളിലായിരുന്നു. 1943ല്‍ മെട്രിക്കുലേഷന്‍ പാസായി. തുടര്‍ന്നുള്ള ആറു വര്‍ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ശാസ്ത്രവിദ്യാര്ഥിനിയായി. രസതന്ത്രത്തില്‍ ബിരുദം നേടിയ ശേഷം ലോ കോളജില്‍ നിയമപഠനത്തിന് ചേര്‍ന്നു. അന്ന് പത്തനംതിട്ട വെറുമൊരു ചെറിയ ഗ്രാമം. നന്നേ ചെറുപ്രായത്തില്‍ തന്നെ വീടും കുടുംബവും വിട്ട് തിരുവനന്തപുരം പോലെ വലിയൊരു നഗരത്തിലേക്ക് ചേക്കേറുമ്പോള്‍ ഫാത്തിമയ്ക്ക് യാതൊരു ആശങ്കയുമുണ്ടായിരുന്നില്ല.
അവളുടെ െധെര്യസമേതമുള്ള തീരുമാനത്തിന് പിതാവ് എല്ലാ പിന്തുണയും നല്കി. ബി.എസ്സി ബിരുദം നേടിയ ശേഷം എം.എസ്സി കെമിസ്ട്രിക്ക് പഠിക്കാനാണ് ഫാത്തിമ ആഗ്രഹിച്ചത്. പക്ഷേ, പിതാവ് നിരുത്സാഹപ്പെടുത്തി. മകള്‍ എം.എസ്സിക്ക് ചേര്‍ന്നാല്‍ ഒരു സ്കൂള്‍ അധ്യാപികയോ കോളജ് പ്രഫസറോ ആയി ജീവിതം തളച്ചിടപ്പെടും. ഫാത്തിമ മിടുക്കിയാണ്. ധൈര്യവും കഴിവുമുണ്ട്. കുറേക്കൂടി ലോകം കാണുന്ന വിദ്യാഭ്യാസം തെരഞ്ഞെടുക്കാന്‍ പിതാവ് നിര്‍ദേശിച്ചു. പിതാവിന്റെ ആഗ്രഹപ്രകാരം ഫാത്തിമ ഗവ. ലോകോളജില്‍ നിയമം പഠിക്കാന്‍ ചേര്‍ന്നു.
ആ സമയത്ത് തിരുവിതാംകൂറില്‍ ആദ്യ വനിതാ ജഡ്ജിയായി അന്ന ചാണ്ടിയുണ്ട്. അവരുടെ നേട്ടം കൂടി കണ്ട് പ്രചോദിതനായാണ് മീരാസാഹിബ് മകളെ നിയമം പഠിക്കാനയച്ചത്. ഫാത്തിമ അടക്കം അഞ്ചു പെണ്‍കുട്ടികള്‍ ആ ബാച്ചിലുണ്ടായിരുന്നു. നിയമപഠനം പൂര്‍ത്തിയാക്കിയ ശേഷം മുതിര്‍ന്ന അഭിഭാഷകന്റെ കീഴില്‍ ഒരു വര്‍ഷം അവര്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു. എല്ലായിടത്തും ആദ്യം എന്ന വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഫാത്തിമ ബീവി തുടങ്ങുന്നത് 1950ലാണ്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരീക്ഷയില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ വനിതയായി ഫാത്തിമ ബീവി. 1949-50 വര്‍ഷത്തെ ബാര്‍ കൗണ്‍സില്‍ പരീക്ഷയിലായിരുന്നു ഈ നേട്ടം.
1950 നവംബര്‍ 14ന് ഫാത്തിമ ബീവി അഭിഭാഷക രംഗത്തേക്ക് എന്റോള്‍ ചെയ്തു. കൊല്ലത്തെ ഒരു കീഴ്കോടതിയില്‍ ആയിരുന്നു പ്രാക്ടീസ് തുടങ്ങിയത്. ആ സമയത്ത് വനിതാ വക്കീലന്മാര് തീര്‍ത്തും കുറവാണ്. എല്ലായിടത്തും പുരുഷന്മാരുടെ മേധാവിത്വം. തട്ടമിട്ട് കോടതിയിലെത്തുന്ന ഫാത്തിമയെ നോക്കി പലരും നെറ്റി ചുളിച്ചു. അവര്അതൊന്നും ഗൗനിച്ചതേയില്ല. എട്ടു കൊല്ലത്തോളം കൊല്ലം കോടതിയില്‍ അവര്‍ പ്രാക്ടീസ് ചെയ്തു.
ആ സമയത്താണ് വക്കീല്പ്പണിയേക്കാള് നല്ലത് ജുഡീഷ്യല്‍ ഓഫീസര്‍ ആയിരിക്കുന്നതാണെന്ന് തനിക്ക് തോന്നിത്തുടങ്ങിയെന്ന് പിന്നീട് ഫാത്തിമ ബീവി പറഞ്ഞിട്ടുണ്ട്. വക്കീല്‍പ്പണി ചെയ്യുന്ന വനിതകളോട് പൊതുജനത്തിന് അത്ര ആഭിമുഖ്യം പോരായിരുന്നു. അതു കൊണ്ട് തന്നെ വനിതാ വക്കീലന്മാരൊക്കെ പലപ്പോഴും വിജയിക്കാതെ പോയി. ഇത്തരമൊരു അവസ്ഥയില്‍ നിന്നാണ് രാജ്യത്തിന്റെ നെറുകയിലേക്ക് ഫാത്തിമ ബീവി എത്തുന്നത്.






