
ന്യൂഡല്‍ഹി: മതമോ സമുദായമോ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം വേണ്ടെന്ന് സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് മുഖ്യ തെരഞ്ഞെുടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി. ഹിന്ദുത്വ കേസില്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറത്തു വിട്ട വിധി അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഫലപ്രദമായി നടപ്പാക്കും.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന വേളയില്‍ ഡല്‍ഹിയിലാണ് ഇക്കാര്യം പറഞ്ഞത്. ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ട് വരെ പല ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച് 11 നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പിന് വിനിയോഗിക്കുന്ന 20,000 ന് മുകളില്‍ വരുന്ന ചെലവുകളില്‍ ഫണ്ടുകള്‍ ചെക്കുകള്‍ ഉപയോഗിച്ച് വേണം നടത്താന്‍. ഉത്തര്‍പ്രദേശ് , പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പരമാവധി 28 ലക്ഷം രൂപ വരെയെ ചെലവഴിക്കാനാകൂ. ഗോവയിലും മണിപ്പൂരിലും 20 ലക്ഷം രൂപയാണ് പരിധി. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രികയില്‍ ഫോട്ടോ പതിക്കുകയും ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുകയും വേണം.
സ്ത്രീകള്‍ക്ക് പ്രത്യേക പോളിംഗ് സ്റ്റേഷനുകള്‍ ഉണ്ടാകും. വികലാംഗര്‍ക്ക് വോട്ടു രേഖപ്പെടുത്താനും പ്രത്യേക സംവിധാനമുണ്ടാകും. പാര്‍ട്ടികള്‍ക്കുള്ള അജ്ഞാത സംഭാവനകളുടെ പരിധി 2000 രൂപ മാത്രമായിരിക്കും. പക്ഷേ ഇതില്‍ കൂടുതല്‍ തുക ഡിജിറ്റല്‍ ഇടപാടുകളിലൂടെയെ നടത്താവു. മതപര അഭ്യര്‍ത്ഥനകള്‍ തെരഞ്ഞെടുപ്പ് സമയത്ത് പാടില്ലെന്ന് നേരത്തേ സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യത്തില്‍ അധിഷ്ഠിതമാണെന്നും പ്രചാരണത്തിനായി ജാതിയും മതവും ഉപയോഗിക്കരുതെന്നും ആണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ജാതിയും മതവും ചൂണ്ടിക്കാട്ടി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ നടക്കുന്നുവെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു നിര്‍ദേശം വന്നിരിക്കുന്നത്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം തികച്ചും വ്യക്തിപരം മാത്രമാണെന്നും ഈ ബന്ധത്തിനിടയില്‍ രാജ്യം ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.






