
ജബല്‍പൂര്‍: കാല് നൂറ്റാണ്ട് കാലത്തിനിടയില്‍ 23 തവണ തോല്‍വി നേരിട്ട ഗാര്‍ഡ് ഒടുവില്‍ 56 ാം വയസ്സില്‍ തന്റെ എംഎസ് സി പരീക്ഷ എഴുതിയെടുത്തു. കണക്കില്‍ മാസ്റ്റര്‍ ബിരുദം നേടണമെന്ന തന്റെ സ്വപ്നം പൂര്‍ത്തിയാക്കിയത് രാജ്കരണ്‍ ബറാവുവാണ്. സ്വന്തമായി വീടോ, കുടുംബമോ സമ്പാദ്യമോ സ്ഥിരമായ ഒരു ജോലി പോലുമില്ല. ഡബിള്‍ ഷിഫ്റ്റില്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നതിനിടയിലും തന്റെ പാഷന് നിലനിര്‍ത്തിയ രാജ്കരണ്‍ ഒടുവില്‍ 2021 ല്‍ അത് നേടിയെടുക്കുകയായിരുന്നു.
മാസം 5000 രൂപയ്ക്ക് രാത്രി സെക്യുരിറ്റി ഗാര്‍ഡായിട്ടാണ് രാജ്കരണ്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ 25 വര്‍ഷമായി അയാള്‍ ഇതുകൊണ്ടാണ് ജീവിക്കുന്നത്. പുസ്തകങ്ങള്‍ക്കും പരീക്ഷാ ഫീസും അതുമായി ബന്ധപ്പെട്ട മറ്റു ചെലവുകള്‍ക്കുമായി ഇതിനകം താന്‍ രണ്ടുലക്ഷത്തോളം രൂപ ചെലവാക്കിയതായും പറയുന്നു. ഇനി താന്‍ കണക്കിലെ പോസ്റ്റുഗ്രാജ്വേറ്റായി അറിയപ്പെടുമെന്നും എന്തുകൊണ്ടാണ് വിവാഹം കഴിക്കാതിരുന്നത് എന്ന ചോദ്യത്തിന് താന്‍ വിവാഹം കഴിച്ചത് തന്റെ സ്വപ്നത്തെയാണെന്നും രാജ്കരണ്‍ പറഞ്ഞു.
1997 ലായിരുന്നു ആദ്യമായി എംഎസ് സി പരീക്ഷയ്ക്ക് ആദ്യം പ്രത്യക്ഷപ്പെട്ടത്. അന്ന് തോറ്റു. അതിന് ശേഷം പത്തു വര്‍ഷം എടുത്തു അഞ്ചു വിഷയത്തില്‍ ഒരു വിഷയം ജയിക്കാന്‍. എന്നാല്‍ രാജ്കിരണ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ആള്ക്കാര് എന്തു പറയുന്നു എന്ന് നോക്കാതെ തന്റെ സ്വപ്നത്തില്‍ തന്നെ ഉറച്ചു നിന്നു. ഇതോടെ രണ്ടാമത്തെ വിഷയവും ജയിച്ചു. 2020 ല്‍ കോവിഡ് മഹാമാരി ഉണ്ടായി. 2021 ല്‍ ആദ്യ വര്‍ഷ പരീക്ഷ പാസ്സായി. പിന്നാലെ രണ്ടാം വര്‍ഷവും പാസ്സായി.
1996 ല്‍ എംഎ ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഒരിക്കല്‍ ഒരു സ്കൂളില്‍ വെച്ച് അവിടെയുണ്ടായിരുന്നു കുട്ടികളുായി ഒരു ഇന്ററാക്ഷന് നടന്നു. അന്ന് താന്‍ കുട്ടികളെ കണക്ക് പഠിപ്പിച്ച രീതി അവിടുത്തെ അദ്ധ്യാപകര്‍ക്ക് ഇഷ്ടമായി. അതാണ് കണക്കില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനുള്ള മോഹം ജനിപ്പിച്ചതെന്നും തുടര്‍ന്ന് എംഎസ് സി ഇലക്ടീവ് എടുക്കാന്‍ തീരുമാനിച്ചു. ജബല്‍പൂരിലെ റാണി ദുര്‍ഗാദേവി സര്‍വകലാശാലയില്‍ അപേക്ഷ നല്കി. എന്നാല്‍ അന്ന് ഇത് ഒരു കഠിന പ്രയത്നം ആയിരിക്കുമെന്നോ 25 വര്‍ഷത്തെ തപസ്യയായി മാറുമെന്നോ അന്ന് അറിഞ്ഞിരുന്നില്ലെന്ന് രാജ്കരണ്‍ പറയുന്നു.






