
തിരുവനന്തപുരം: നീണ്ട പത്തു വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ മിമിക്രിയെ കലാരൂപമായി അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയിൽ മിമിക്രിയെയും ഉൾപ്പെടുത്തി. സാംസ്കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ ഉത്തരവിൽ ഭേദഗതിക്ക് അംഗീകാരം ലഭിച്ചു.
നിയമാവലിയിൽ ‘വിനോദത്തിനായി, ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ അനുകരിക്കാനുള്ള കഴിവ്’ എന്നാണ് മിമിക്രി നിർവചിക്കപ്പെട്ടിരിക്കുന്നത്.അക്കാദമിയുടെ ജനറൽ കൗൺസിലിൽ മിമിക്രി കലാകാരൻ കെ.എസ്. പ്രസാദിനെ ഉൾപ്പെടുത്തി. മിമിക്രി കലാകാരന്മാർക്ക് അക്കാദമിയുടെ 33 അംഗ ഭരണസമിതിയിൽ പ്രാതിനിധ്യം, കലാരൂപങ്ങൾക്കുള്ള പുരസ്കാരങ്ങളിലും ക്ഷേമപദ്ധതികളിലും പരിഗണന എന്നിവയും ഇനിമുതൽ ലഭിക്കും.
കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങള്‍
പരമ്പരാഗത കേരളീയ കലാരൂപങ്ങൾ (കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, ഓട്ടൻതുള്ളൽ തുടങ്ങിയവ),
നാടൻകലാരൂപങ്ങൾ (തെയ്യം, പടയണി, മുടിയേറ്റ്, ആദിവാസി കലാരൂപങ്ങൾ തുടങ്ങിയവ)
സംഗീതം (വായ്പ്പാട്ട് ഉപകരണസംഗീതവും),
നാടകം (വിവിധ രൂപങ്ങൾ), വിവിധ നൃത്തങ്ങൾ, കഥകളി,
ക്ഷേത്രകലകൾ (കഥാപ്രസംഗം, പഞ്ചവാദ്യം, തായമ്പക, ചെണ്ട, ഇടയ്ക്ക, )
മിമിക്രി എന്നിവയാണ് അക്കാദമിയുടെ അംഗീകാരം ലഭിച്ച മറ്റു കലാരൂപങ്ങൾ.






