
സിദ്ധാര്‍ത്ഥ് നഗര്‍: ജനപ്രതിനിധിയായ മുസ്ളീം സ്ത്രീ പ്രവേശിച്ചതിന് പിന്നാലെ പൂജാരിമാര്‍ ക്ഷേത്രം ഗംഗാജലം ഉപയോഗിച്ച് കഴുകി. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറിലെ ഒരു ക്ഷേത്രത്തിലായിരുന്നു സംഭവം. സമാജ്വാദി പാര്‍ട്ടിയുടെ പ്രതിനിധിയും ഡൂമരിയാഗഞ്ചിലെ മുസ്ളീം എംഎല്‍എ യുമായ സയേദാ ഖാട്ടൂണാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. എംഎല്‍എ പോയതിന് പിന്നാലെ പൂജാരിമാര്‍ ഗംഗയില്‍ നിന്നും വെള്ളം കൊണ്ടുവന്ന് അവിടം കഴുകി വൃത്തിയാക്കി.
പശുവിന്റെ ഇറച്ചി തിന്നുന്ന ഒരു മുസ്ളീമാണ് സയ്യേദയെന്നും അവര്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അശുദ്ധമാകുമെന്നും അതുകൊണ്ടാണ് ശുദ്ധീകരിച്ചതെന്നുമാണ് ക്ഷേത്രം പൂജാരിമാര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. ഞായാഴ്ച ക്ഷേത്രത്തില്‍ നടന്ന 'ഷഡ്ചാന്ദി മഹായാഗ്യ' ചടങ്ങില്‍ പങ്കെടുക്കാര്‍ നാട്ടുകാര്‍ ക്ഷണിച്ചതിനെ തുടര്‍ന്നായിരുന്നു എംഎല്‍എ സമയ് മാതാ ക്ഷേത്രത്തില്‍ എത്തിയത്. എന്നാല്‍ എംഎല്‍എ യുടെ ആഗമനം ചിലര്‍ക്ക് രസിച്ചില്ല. ഇതിനെ തുടര്‍ന്ന് എംഎല്‍എ പോയതിന് തൊട്ടു പിന്നാലെ ഇവര്‍ നിന്നിടം ചില ആള്ക്കാര് മന്ത്രോച്ചാടനത്തോടെ ഗംഗയില്‍ നിന്നുള്ള വെള്ളമൊഴിച്ചു കഴുകുകയായിരുന്നു.
ക്ഷേത്രം സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെ പ്രസിഡന്റ് ധരംരാജ് വര്‍മയാണ് ശുദ്ധീകരണത്തിന് നേതൃത്വം നല്‍കിയത്. സയീദ ഖാട്ടൂണ്‍ ഒരു മുസ്ലീമായതിനാലും പശുവിന്റെ മാംസം കഴിക്കുന്നതിനാലും അവരുടെ സന്ദര്‍ശനം ഈ പുണ്യസ്ഥലത്തെ അശുദ്ധമാക്കി. എന്നാല്‍ ശുദ്ധീകരണം കഴിഞ്ഞതോടെ ഈ സ്ഥലം ഇപ്പോള്‍ പൂര്‍ണ്ണമായും ശുദ്ധവും ആരാധനയ്ക്ക് അനുയോജ്യവുമായെന്നും പറഞ്ഞു. അതേസമയം ജനപ്രതിനിധി എന്ന നിലയില്‍ എല്ലാ മതങ്ങളോടും വിഭാഗങ്ങളോടും അവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളും സന്ദര്‍ശിക്കുന്നത് ഇനിയും തുടരുമെന്നും അത്തരം പ്രവൃത്തികളില്‍ നിന്ന് പിന്മാറില്ലെന്നും സയീദ ഖാത്തൂന് ലഖ്നൗവില്‍ പറഞ്ഞു.
'ഈ പ്രദേശത്തെ നിരവധി ബ്രാഹ്മണരും സന്യാസിമാരും എന്നോട് ബന്ധപ്പെട്ടിരിക്കുന്നു, ഏകദേശം പത്ത് ദിവസം മുമ്പ് എന്നെ 'സമയ മാതാ ക്ഷേത്രത്തിലേക്ക്' ക്ഷണിച്ചിരുന്നു. ഞാന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, ഞാന്‍ പ്രദേശത്തെ എല്ലാ ജനങ്ങളുടെയും നിയമസഭാംഗമാണ്, ക്ഷണിച്ചാല്‍ ഞാന്‍ എവിടെയായിരുന്നാലും പോകുമെന്നും പ്രദേശത്ത് നിരവധി ക്ഷേത്രങ്ങള്‍ താന്‍ നവീകരിച്ചെന്നു ഖാത്തൂണ്‍ പറഞ്ഞു.






