
മുംബൈ: ഇന്ത്യന്‍ ടി20 ടീമിന്റെ പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്റ.അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടി20 ടീമിന്റെ പരിശീലകനാക്കാന്‍ ബിസിസിഐ താല്പര്യപ്പെട്ടെങ്കിലും നെഹ്റ ബിസിസിഐയുടെ ക്ഷണം നിരസിച്ചുവെന്ന് പുറത്ത്റി വരുന്ന റിപ്പോര്‍ട്ട്.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനായിരുന്നു ആശിഷ് നെഹ്റ. 2022 ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്മാരാക്കിയ ആശിഷ് നെഹ്റ 2023 സീസണില്‍ ടീമിനെ ഫൈനലിലുമെത്തിച്ചിരുന്നു. 2023 ല്‍ ഗുജറാത്ത് ടൈറ്റന്‍സ് റണ്ണേഴ്സ്അപ്പുമായിരുന്നു.ഈ മികച്ച പ്രകടനം കണ്ടാണ് ബിസിസിഐ നെഹ്റയെ ഇന്ത്യന്‍ ടി20 ടീമിന്റെ പരിശീലകനാവാന്‍ ക്ഷണിച്ചത്.
പരിശീലകനെന്ന നിലയില്‍ ലോകകപ്പോടെ ദ്രാവിഡിന്റെ കരാര്‍ കാലാവധി തീര്‍ന്നിരുന്നു. നെഹ്റ പരിശീലകാനാവാനില്ലെന്ന് വ്യക്തമാക്കിയതോടെ രാഹുല്‍ ദ്രാവിഡിന് തന്നെ അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെ കരാര്‍ നീട്ടി നല്‍കാനാണ് ബിസിസിഐ ഇപ്പോള്‍ ആലോചിക്കുന്നത്.
ദ്രാവിഡ് തന്നെ തുടരുന്നതില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അനുകൂല നിലപാടാണ് സ്വീകരിച്ചത്. ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക് ശേഷം കോച്ചായി തുടരുന്ന കാര്യത്തില്‍ ദ്രാവിഡ് നിലപാട് വ്യക്തമാക്കിയിട്ടില്ല. ദ്രാവിഡ് പരിശീലകനായി തുടര്‍ന്നാല്‍ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡിനും ബൗളിംഗ് കോച്ച് പരസ് മാംബ്രേക്കും കാലാവധി നീട്ടിക്കിട്ടും.
ദ്രാവിഡിന് പകരം ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ കൂടിയായ വിവിഎസ് ലക്ഷ്മണ് ഇന്ത്യന്‍ പരിശീലകനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്. ലക്ഷ്മണ് പരിശീലകനായാല്‍ പകരം ദ്രാവിഡ് ബംഗലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായേക്കും.




