
ഹൂസ്റ്റൺ: ഇരട്ട ഭൂകമ്പത്തിൽ തകർന്ന വെനസ്വെലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായഹസ്തവുമായി ബ്രസീൽ സൂപ്പർതാരം നെയ്മർ. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതബാധിതർക്കുള്ള സഹായങ്ങൾക്കുമായി താരം 250,000 യുഎസ് ഡോളർ (ഏകദേശം രണ്ടര കോടിയ്ക്കടുത്ത് ഇന്ത്യൻ രൂപ) സംഭാവന നൽകിയതായി റിപ്പോർട്ടുകൾ.
'എൽ സുമാരിയോ'യുടെ റിപ്പോർട്ട് പ്രകാരം, ഭൂകമ്പം ബാധിച്ച ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണം, കുടിവെള്ളം, താത്കാലിക അഭയകേന്ദ്രങ്ങൾ, മറ്റ് അടിയന്തര സഹായങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക.
"എന്റെ ഹൃദയം വെനസ്വെലയിലെ ജനങ്ങൾക്കൊപ്പമാണ്. എന്റെ സഹായം ദുരിതബാധിതരായ കുടുംബങ്ങൾക്ക് കരുത്തും ആശ്വാസവും പകരട്ടെ," എന്ന് നെയ്മർ പ്രതികരിച്ചു.
ഫിഫ ലോകകപ്പിൽ ബ്രസീൽ ടീമിനൊപ്പം ഇന്ന് ജപ്പാനെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിനിറങ്ങാനിരിക്കെയാണ് നെയ്മർ ഈ സഹായം പ്രഖ്യാപിച്ചത്.
റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളാണ് വെനസ്വെലയിൽ വ്യാപക നാശം വിതച്ചത്. പിന്നാലെയുണ്ടായ തുടർചലനങ്ങൾ രക്ഷാപ്രവർത്തനങ്ങളെ കൂടുതൽ ദുഷ്കരമാക്കിയിട്ടുണ്ട്.






