
കന്‍സാസ് സിറ്റി: ഫുട്‌ബോള്‍ ലോകകപ്പ് ജെ ഗ്രൂപ്പില്‍ അര്‍ജന്റീനയ്‌ക്കു പിന്നാലെ ഓസ്‌ട്രിയയും (മൂന്ന് കളികളില്‍നിന്ന് ഒരു ജയവും ഒരു തോല്‍വിയും സമനിലും അടക്കം നാല് പോയിന്റ്) അള്‍ജീരിയയും (മൂന്ന് കളികളില്‍നിന്ന് ഒരു ജയവും ഒരു തോല്‍വിയും സമനിലും അടക്കം നാല് പോയിന്റ്) നോക്കൗട്ടില്‍ കടന്നു.
മൂന്ന് കളികളും തോറ്റ ജോര്‍ദാന്‍ മടങ്ങി. ഓസ്‌ട്രിയയ്‌ക്കായി മാര്‍ക്കോ അര്‍നൗട്ടോവിച്ചും മാര്‍സല്‍ സാബിറ്റ്‌സറും സാസ കലാസിച്ചും ഗോളടിച്ചു. അല്‍ജീരിയയ്‌ക്കായി റിയാദ് മഹ്‌റെസ് ഇരട്ട ഗോളുകളും റാഫിക് ബെല്‍ഗാലി ഒരു ഗോളുമടിച്ചു. മത്സരത്തില്‍ സമനില പിടിച്ചതോടെ അല്‍ജീരിയയും ഓസ്‌ട്രിയയും നോക്കൗട്ടില്‍ കടന്നു. മികച്ച മൂന്നാം സ്‌ഥാനക്കാരാകാമെന്ന ഇറാന്റെ പ്രതീക്ഷകളും അവിടെ അവസാനിച്ചു. മത്സരത്തിന്റെ 28-ാം മിനിറ്റില്‍ ഓസ്‌ട്രിയ ആദ്യ ഗോളടിച്ചു. ഡേവിഡ് അലാബ ബോക്‌സിലേക്ക് നീട്ടിനല്‍കിയ പാസ് അര്‍നൗട്ടോവിച്ച് വലയിലെത്തിച്ചു. ഒന്നാം പകുതി അവസാനിക്കാന്‍ ഏതാനും സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ റാഫിക് ബെല്‍ഗാലി അള്‍ജീരിയയ്‌ക്കു വേണ്ടി സമനില ഗോളടിച്ചു. 55-ാം മിനിറ്റില്‍ ഓസ്‌ട്രിയന്‍ താരം മാര്‍ഷല്‍ സാബിറ്റ്‌സര്‍ തൊടുത്ത ഷോട്ട് വല കുലുക്കി. 60-ാം മിനിറ്റില്‍ അല്‍ജീരിയയുടെ മറുപടി. റിയാദ് മഹ്‌റെസിന്റെ മികച്ച ഷോട്ടിലൂടെ അല്‍ജീരിയ രണ്ടാം ഗോളടിച്ചു. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ റിയാദ് മഹ്‌റെസ് അല്‍ജീരിയയ്‌ക്കായി വീണ്ടും ഗോളടിച്ചു. തൊട്ടടുത്ത മിനിറ്റില്‍ ഓസ്‌ട്രിയന്‍ താരം സാസ കലാസിച്ചി അല്‍ജീരിയയുടെ വലകുലുക്കി.






