
തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻെറ അവധി അപേക്ഷ ഇന്നത്തെ സംസ്ഥാന എക്സിക്യൂട്ടീവ് പരിഗണിച്ചേക്കും. കാൽപ്പാദം മുറിച്ച് മാറ്റിയതിനെ തുടർന്നാണ് അവധി അപേക്ഷ നൽകിയത്. മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടുകൊണ്ടുളള കത്ത് സംസ്ഥാന-ദേശീയ നേതൃത്വത്തിന് കൈമാറി. കത്ത് ഇന്നത്തെ സംസ്ഥാന എക്സിക്യൂട്ടിവിൽ വെയ്ക്കാനാണ് സാധ്യത. കാനത്തിന് അവധി അനുവദിച്ച് അസിസ്റ്റൻറ് സെക്രട്ടറി പി പി സുനീറിനെ സെക്രട്ടറിയുടെ ചുമതല ഏൽപ്പിക്കാനാണ് കാനം പക്ഷത്തെ നീക്കം.കാനത്തിന് പകരം പാർട്ടിയെ നയിക്കാൻ ആരെത്തും എന്നതിലാണ് എക്സിക്യൂട്ടിവ് യോഗത്തിന്റെ ആകാംക്ഷ അത്രയും.
പ്രമേഹത്തെ തുടർന്ന് വലതുകാൽപാദം മുറിച്ചുമാറ്റിയ കാനം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും തുടര്‍ചികിത്സകൾ പൂര്‍ത്തിയാക്കാൻ സമയം വേണ്ടിവരും. ലോക്സഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ നിർണ്ണായക തീരുമാനങ്ങളെടുക്കേണ്ട സമയം ആയതിനാൽ അവധിയിൽ പോകുന്നത്.
അസിസ്റ്റൻറ് സെക്രട്ടറിമാരായ ഈ ചന്ദ്രശേഖരൻ. പി പി സുനീർ, ദേശീയ നിർവാഹ സമിതി അംഗം കെ പ്രകാശ് ബാബു എന്നിവരിൽ ആരെങ്കിലും ആക്ടിംഗ് സെക്രട്ടറി സ്ഥാനത്തെത്തിയേക്കും. ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്റെ പേരുകൂടി ഉണ്ടെങ്കിലും ലോക്സഭാ സ്ഥാനാർത്ഥി സാധ്യത കൂടി കണക്കിലെടുത്താകും തീരുമാനം.
അസിസ്റ്റൻറ് സെക്രട്ടറിമാരിൽ ജൂനിയറായ സുനീറിനെ ചുമതലയേൽപ്പിച്ചാൽ അവധി കഴിഞ്ഞ് കാനത്തിന് അനായാസം സെക്രട്ടറി പദവിയിലേക്ക് മടങ്ങിവരാം എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. എന്നാൽ സീനിയർ അസിസ്റ്റൻറ് സെക്രട്ടറി ഇ ചന്ദ്രശേഖരനെ മാറ്റി നിർത്തി സുനീറിന് ചുമതല നൽകുന്നത് എതിർക്കപ്പെട്ടാൽ ദേശീയ സെക്രട്ടേറിയേറ്റംഗം ബിനോയ് വിശ്വത്തെ പരിഗണിക്കാനും കാനംപക്ഷം ആലോചിക്കുന്നുണ്ട്. സെക്രട്ടറിയുടെ ചുമതല ഏൽക്കാനില്ലെന്ന് വ്യക്തമാക്കുന്ന ഇ ചന്ദ്രശേഖരൻ മുതിർന്ന നേതാവ് കെ പ്രകാശ് ബാബുവിനെ സെക്രട്ടറിയാക്കണമെന്ന നിലപാടിലാണ്






